ന്യൂഡൽഹി: തദ്ദേശീയമായി രൂപകല്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ 2023 ഡിസംബറോടെ കൽക- ഷിംല പൈതൃക നഗരങ്ങളിലൂടെ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചു. ഹരിതവത്കരണത്തിലേയ്ക്കുള്ള രാജ്യത്തിന്റെ ചുവടുവയ്പ്പിന്റെ ഭാഗമാണ് ഹൈഡ്രജൻ ട്രെയിനുകൾ.
രാജ്യത്തിന്റെ ചരിത്ര പാതകളായ ഡാർജിലിംഗ്- ഹിമാലയൻ റെയിൽവേ, നീൽഗിരി മൗണ്ടൻ റെയിൽവേ, കൽക- ഷിംല റെയിൽവേ, മതേരൻ ഹിൽ റെയിൽവേ, കാംഗ്ര വാലി, ബിൽമോറ വാഗയ്, മാർവാർ- ദേവ്‌ഗാർഹ് മദ്രിയ എന്നിവയിലൂടെയാണ് ആദ്യ ഹൈഡ്രജൻ ട്രെയിൻ തുടക്കത്തിൽ ഓടുക.
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകൾക്ക് വന്ദേ മെട്രോ എന്നാണ് പേര് നൽകിയിരിക്കുന്നത്. 1950കളിലും 60കളിലും രൂപകല്പന ചെയ്ത വന്ദേ മെട്രോ ട്രെയിനുകൾക്ക് പകരമുള്ള ലോകോത്തര നിലവാരമുള്ള വന്ദേ മെട്രോയാണ് റെയിൽവേ നിർമ്മിച്ചത്. വന്ദേഭാരത് ട്രെയിനുകൾ ഡിസൈൻ ചെയ്ത എൻജിനിയർമാരാണ് വന്ദേ മെട്രോയും രൂപകല്പന ചെയ്തത്.
നിലവിൽ ഇന്ത്യയിലെ മിക്ക ട്രെയിനുകളും ഡീസലിലോ വൈദ്യുതിയിലോ ആണ് ഓടുന്നത്. ഹൈഡ്രജൻ ട്രെയിനുകൾ കാർബൺ ഡയോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ് തുടങ്ങിയവ പോലുള്ള മാരക വാതകങ്ങൾ പുറന്തള്ളുകയില്ല എന്നുള്ളതിനാൽ യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നു. കാറ്റ്, സൗരോർജ്ജം, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസുകൾ ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും എന്നതാണ് ഇത്തരം ട്രെയിനുകളുടെ മറ്റൊരു നേട്ടം.
അതേസമയം, ഹൈഡ്രജൻ ട്രെയിനുകളുടെ ഉയർന്ന നിർമാണ ചെലവ് ഇത്തരം ട്രെയിനുകളുടെ വ്യാപക ഉപയോഗത്തിന് വെല്ലുവിളിയാണ്. ഗ്രീൻ ഹൈഡ്രജന് കിലോയ്ക്ക് 492 രൂപയാണ് ഇന്ത്യയിൽ വില. ഡീസൽ എഞ്ചിനുകളുടെ പ്രവർത്തനച്ചെലവിനേക്കാൾ 27 ശതമാനം അധികമാണിത്. മാത്രമല്ല ഹൈഡ്രജൻ ട്രെയിനുകളുടെ സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |