ആലുവ: ആലുവ മേഖലയിൽ നിരന്തരമായി ഭൂഗർഭ പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ പ്രതിഷേധം ശക്തമാകുന്നു. ഏതാനും മാസങ്ങളായി കുടിവെള്ള പൈപ്പുകൾ പതിവായി പൊട്ടുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
പലപ്പോഴും ദിവസങ്ങളോളം കുടിവെള്ള വിതരണം നിലക്കും. ടാങ്കർ ലോറിയെ ആശ്രയിച്ചാണ് പല കുടുംബങ്ങളും ദിവസങ്ങൾ തള്ളിനീക്കുന്നത്. വെള്ളം ലഭിക്കാത്തതിനാൽ ഹോട്ടലുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും പ്രതിസന്ധിയിലാണ്. പല സ്കൂളുകളിലും ശുചിമുറി സൗകര്യങ്ങൾ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. നഗരത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങളിലും ഉയർന്ന പ്രദേശങ്ങളിലുമാണ് കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷം.
റോഡുകളും തകരുന്നു
പൈപ്പുകൾ പൊട്ടിയ ഭാഗങ്ങളിൽ വെള്ളം പാഴാകുന്നതിനൊപ്പം റോഡുകളും തകരുകയാണ്. കീഴ്മാട് ജി.ടി.എൻ റോഡിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ അപകടഭീഷണി ഉയർത്തി വൻ ഗർത്തമാണ് രൂപപ്പെട്ടത്. അറ്റകുറ്റപ്പണികൾക്കായി റോഡുകൾ വെട്ടിപ്പൊളിച്ച ശേഷം സമയബന്ധിതമായി പുനരുദ്ധരിക്കാത്തരും ദുരിതമാകുന്നു.
മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഇരുചക്ര വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണിയാണ്. കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിലും പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിട്ടിയും തമ്മിലുള്ള ഏകോപനക്കുറവാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നത്.
എൻജിനിയർക്ക് കുടിവെള്ളം
നൽകി പ്രതിഷേധം
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിരന്തരം ഭൂഗർഭ കുടിവെള്ള പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങുന്നതിനെതിരെ വാട്ടർ അതോറിട്ടി ആലുവ എക്സിക്യുട്ടീവ് എൻജിനിയർക്ക് കുടിവെള്ളം നൽകി യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനൂപ് ചുണങ്ങംവേലി, വൈസ് പ്രസിഡന്റ് ഷിബിൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എ. സെന്തിൽ കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, മുനിസിപ്പൽ പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ, ആർ. പത്മകുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |