ആഗ്ര: അദ്ധ്യാപികയുടെ നഗ്ന വീഡിയോ രഹസ്യമായി പകർത്തിയശേഷം അതുകാണിച്ച് ലൈംഗിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ നാലു വിദ്യാർത്ഥികൾ അറസ്റ്റിലായി. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. അദ്ധ്യാപികയുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. ആഗ്രയ്ക്ക് സമീപത്തായിരുന്നു സംഭവം. നഗ്നവീഡിയോ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്തു.
പഠനത്തിൽ ശരാശരിക്കും താഴെയായിരുന്നു അറസ്റ്റിലായ നാലുപേരും. ഇവരെ ജയിപ്പിക്കാനായി സ്കൂൾ സമയം കഴിഞ്ഞ് അദ്ധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ നൽകിയിരുന്നു. വീട്ടുകാരുടെ അനുവാദത്തോടെയായിരുന്നു ഇത്. ട്യൂഷന് അദ്ധ്യാപികയുടെ വീട്ടിലെത്തിയ നാലുപേരിൽ ഒരാൾ മറ്റാരും അറിയാതെ അദ്ധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ടു. പലതവണ ഇത് ആവർത്തിച്ചു. അദ്ധ്യാപിക വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തലായി. ദൃശ്യങ്ങൾ കൂട്ടുകാർക്ക് കൈമാറുമെന്നും സോഷ്യൽ മീഡിയയിൽ അപ്‌ലോഡുചെയ്യുമെന്നുമായിരുന്നു ഭീഷണി. എന്നിട്ടും ശാരീരിക ബന്ധത്തിന് അദ്ധ്യാപിക സമ്മതിക്കാതെ വന്നതോടെ വീഡിയോ സുഹൃത്തുക്കൾക്ക് കൈമാറുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ അപ്‌ലോഡുചെയ്യുകയുമായിരുന്നു.
വിഡീയോ സോഷ്യൽ മീഡിയയിൽ കണ്ട ചിലരാണ് അദ്ധ്യാപികയെ വിവരം അറിയിച്ചത്. ഇതോടെ അവർ കടുത്ത മാനസിക സംഘർഷത്തിലായി. ഒരു സംഘടനയുടെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്താനും സോഷ്യൽ മീഡിയയിൽ അപ്‌ലോഡുചെയ്യാനും പുറത്തുനിന്നുളള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |