SignIn
Kerala Kaumudi Online
Saturday, 16 May 2026 4.45 PM IST

സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവയ്പ്പ് ആസൂത്രണം ചെയ്തത് യുഎസിൽ; സുപ്രധാന വിവരങ്ങൾ കണ്ടെത്തി പൊലീസ് 

salman-

മുംബയ്: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിവച്ച കേസിലെ അന്വേഷണത്തിൽ വഴിത്തിരിവ്. വെടിവയ്പ്പ് ആസ്രൂത്രണം ചെയ്തത് യുഎസിലുള്ള ഗുണ്ടാ സംഘങ്ങളാണെന്ന് മുംബയ് പൊലീസിന് വിവരം ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ട് വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ പോസ്റ്റ് കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു.

പോസ്റ്റ് പങ്കുവച്ച ഐപി അഡ്രസ് കാനഡയിൽ നിന്നുള്ളതാണെന്നും ഇതിന്റെ യഥാർത്ഥ ലൊക്കേഷൻ യുഎസിലെ കാലിഫോർണിയയിലാണെന്ന് പൊലീസ് കണ്ടെത്തി. അതുകൊണ്ട് തന്നെ വെടിവയ്പ്പ് ആസൂത്രണം ചെയ്തത് യുഎസിലാണെന്ന അനുമാനത്തിലാണ് പൊലീസ്. ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകം അടക്കം നിരവധി കുറ്റകൃത്യങ്ങളിൽ പൊലീസ് അന്വേഷിക്കുന്നയാളാണ് അൻമോൽ ബിഷ്‌ണോയി. സൽമാൻ കേസിൽ ഇയാളെ കൂടാതെ യുഎസിലുള്ള മറ്റൊരു ഗുണ്ടാത്തലവനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

നിലവിൽ യുഎസിൽ താമസിക്കുന്ന ഗുണ്ടാത്തലവൻ രോഹിത് ഗോദരയെയാണ് ഷൂട്ടർമാരെ തിരഞ്ഞെടുക്കാൻ അൻമോൽ ബിഷ്‌ണോയി ചുമതലപ്പെടുത്തിയത്. ഒരു മാസങ്ങൾക്ക് മുമ്പ് പദ്ധതി ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. വിവിധ സംസ്ഥാനങ്ങളിലായി പ്രൊഫഷണൽ ഷൂട്ടർമാരുള്ള ഗുണ്ടാസംഘമാണ് രോഹിത് ഗോദരയ്ക്കുള്ളത്. മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ രോഹിത് പറഞ്ഞാൽ എന്തും ചെയ്യുന്ന ഗുണ്ടകൾ ഈ സംഘത്തിനുണ്ട്.

ലോറൻസ് ബിഷ്‌ണോയിയുടെ ഏറ്റവും അടുത്ത അനുയായിയാണ് രോഹിത്. പല ഉന്നതരുടെ കൊലപാതകത്തിലും രോഹിത്തിന് കൃത്യമായ പങ്കുണ്ടെന്നാണ് വിവരം. ഇയാളാണ് ആക്രമികൾക്ക് തോക്ക് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയത്. കർണി സേന തലവൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിലും ഗുണ്ടാത്തലവൻ രാജു തേത്തിന്റെ കൊലപാതകത്തിലും ഇയാൾക്ക് സുപ്രധാന പങ്കുണ്ട്.

ലോറൻസ് ബിഷ്‌ണോയിക്കും സംഘത്തിനും വിവിധ സംസ്ഥാനങ്ങളിലെ അനുയായികളുടെ വീടുകളിൽ വലിയ ആയുധശേഖരമുണ്ടെന്നാണ് വിവരം. സൽമാൻ ഖാന്റെ വീടിന് പുറത്ത് വെടിയുതിർക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഈ ശൃംഖല വഴിയാണ് രോഹിത് ഗോദാര എത്തിച്ചതെന്നും സംശയിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, SALMAN KHAN, CINEMA, BOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY