കോഴിക്കോട് : മലയോരത്ത് വലിയ നാശം വിതച്ച വേനൽമഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും ഇന്നലെ ജില്ലയിലാകെ വീണ്ടും മഴ കനത്തു. തെക്കുകിഴക്കൻ അറബിക്കടലിലുണ്ടായ ചക്രവാതചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. മഴയുടെ തീവ്രത പരിഗണിച്ച് ഇന്ന് കോഴിക്കോട് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ടോടെ മലയോര മേഖല യിൽ പലയിടത്തും ശക്തമായ മഴയുണ്ടായി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇന്നലെ വൈകിട്ട് കോഴിക്കോട് നഗരത്തിലുണ്ടായ കനത്ത മഴയിൽ കോർപ്പറേഷൻ ഓഫീസ് പരിസരത്തും ബീച്ച് ആശുപത്രി ഭാഗത്തും ശക്തമായ വെള്ളക്കെട്ടുണ്ടായി. പലയിടത്തും ഗതാഗതം തടസപ്പെട്ടു. കിഴക്കൻ മലയോരത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം മിന്നലേറ്റ് തിരുവമ്പാടിയിൽ ഒരാൾ മരിച്ചിരുന്നു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ (50) ആണ് മരിച്ചത്.
താമരശ്ശേരിയിൽ നാല് പേർക്കും കൂടരഞ്ഞിയിൽ രണ്ട് പേർക്കും മിന്നലേറ്റിരുന്നു. മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വയനാട് തുരങ്കപാത മേഖലയിലേക്കുള്ള താത്ക്കാലിക പാലം ഒഴുകിപ്പോയി. മുത്തപ്പൻപുഴ അങ്ങാടിക്ക് സമീപം നിർമ്മിച്ച പാലമാണ് തകർന്നത്.
മലയോരത്ത് രാത്രിയിലും മഴ തുടരുകയാണ്.
കാരാപ്പുഴ ഡാം ഷട്ടറുകൾ ഇന്ന് തുറക്കും
കൽപ്പറ്റ: കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എല്ലായ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. ഇന്ന് രാവിലെ 11 മണി മുതൽ അണക്കെട്ടിലെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി സെക്കന്റിൽ 1.557 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് അനുമതി. ഈ സാഹചര്യത്തിൽ ഡാമിന്റെ പരിസര പ്രദേശങ്ങളിലും വെള്ളം ഒഴുകിയെത്തുന്ന മറ്റ് പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |