SignIn
Kerala Kaumudi Online
Saturday, 16 May 2026 6.21 AM IST

വോട്ടെടുപ്പ് കഴിയുന്നതോടെ ഇന്ധനവില ലിറ്ററിന് 28രൂപ വരെ കൂടും; റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രസർക്കാർ

fuel

ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ മുന്നറിയിപ്പ്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽവില ഉയർന്ന സാഹചര്യത്തിൽ ലിറ്ററിന് 25 മുതൽ 28 രൂപ വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

രാഷ്‌ട്രീയ കാരണങ്ങളാലാണ് നിലവിലെ വിലയിൽ മാറ്റം വരുത്താത്തത്. എണ്ണ ശുദ്ധീകരണ കമ്പനികൾ നേരിടുന്ന വൻ സാമ്പത്തിക ബാദ്ധ്യതകണക്കിലെടുത്ത് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ധനവില കുതിച്ചുയരാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കത്തിലുണ്ടായ തടസങ്ങളും കാരണം ആഗോള ക്രൂഡ് ഓയിൽ വിതരണത്തിൽ വലിയ അസ്ഥിരത നേരിടുന്നുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി അളവിൽ 15 ശതമാനം കുറവുണ്ടായിട്ടും അന്താരാഷ്‌ട്ര വിപണിയിലെ വില വർദ്ധനവ് കാരണം പ്രതിദിന ഇറക്കുമതി ചെലവ് ഏകദേശം 190 മുതൽ 210 ദശലക്ഷം ഡോളർ വരെ വർദ്ധിച്ചതായാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ്. അതിനാൽ ഇതിനുശേഷമായിരിക്കും വില പരിഷ്‌കരണം. ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ നിലവാരത്തിൽ തുടരുകയാണെങ്കിൽ ലിറ്ററിന് 28 രൂപ വരെ വർദ്ധനവ് അനിവാര്യമാണെങ്കിലും സർക്കാർ ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് സാദ്ധ്യത.

എന്നാൽ, ഈ റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ തള്ളിയിരിക്കുകയാണ്. ഇന്ധനവില സംബന്ധിച്ച ചർച്ചകളൊന്നും സർക്കാർ നടത്തിയിട്ടില്ലെന്നാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, FUEL PRICE HIKE, CENTRAL GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360