SignIn
Kerala Kaumudi Online
Friday, 15 May 2026 3.39 AM IST

ഹിജാബും പൂണൂലും ധരിക്കാം, കാവിഷാൾ പാടില്ല

f

ബംഗളൂരു: കഴിഞ്ഞ ബി.ജെ.പി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഹിജാബ് നിരോധനമാണ് കഴിഞ്ഞ ദിവസം സിദ്ധരാമയ്യസർക്കാർ പിൻവലിച്ചത്. വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ പരമ്പരാഗതവും ആചാരാധിഷ്ഠിതവുമായ ചിഹ്നങ്ങൾ പരിമിതമായി ധരിക്കാമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ കാവി ഷാളുകൾ ധരിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. മൈസൂരുവിൽ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.

ഹിജാബ്, തലപ്പാവ്, പൂണൂൽ, രുദ്രാക്ഷം തുടങ്ങിയവ ധരിക്കാനാകും. അനുവദനീയമായവ ധരിച്ചതിന് ക്ലാസ്‌മുറിയിലോ സ്ഥാപനങ്ങളിലോ പരീക്ഷാഹാളിലോ പ്രവേശനം നിഷേധിക്കാനാകില്ല. അതോടൊപ്പം യൂണിഫോമിന്റെ ഉദ്ദേശ്യത്തെ ഇല്ലാതാക്കുന്നതായിരിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മതപരമായ ചിഹ്നങ്ങൾ ധരിക്കാൻ നിർബന്ധിക്കാനും പാടില്ല. 2022ലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത്. ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ തടഞ്ഞത് വൻ വിവാദമായതിനു പിന്നാലെയാണ് അന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതും വലിയ വിവാദത്തിന് കാരണമായി.

സർക്കാർ ഉത്തരവിനെ ചോദ്യംചെയ്ത് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരോധനം കോടതി ശരിവച്ചു. തുടർന്ന് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത നിരോധനത്തെ അനുകൂലിക്കുകയും ശുധാംശു ധൂളിയ എതിർക്കുകയുംചെയ്തു. കേസ് സുപ്രീംകോടതിയുടെ വിശാലബെഞ്ച് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ നിരോധനം പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360