SignIn
Kerala Kaumudi Online
Saturday, 16 May 2026 5.27 AM IST

'ധോണി ഉടൻ തിരിച്ചെത്തും'; ആരാധകരെ ആവേശത്തിലാഴ്‌ത്തി മൈക്ക് ഹസിയുടെ വെളിപ്പെടുത്തൽ

ms-dhoni

ചെന്നൈ: ഐപിഎൽ ആവേശത്തിന് മാറ്റുകൂട്ടി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി വീണ്ടും മൈതാനത്തേക്ക്. ധോണിയുടെ മടങ്ങിവരവ് സംബന്ധിച്ചുള്ള വിവരം സിഎസ്‌കെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിയാണ് പുറത്തുവിട്ടത്. ധോണി ടീമിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും അദ്ദേഹം നെറ്റ്സിൽ മികച്ച രീതിയിൽ പന്തുകൾ നേരിടുന്നുണ്ടെന്നും ഹസി വ്യക്തമാക്കി. കാലിനേറ്റ പരിക്ക് മൂലം കഴിഞ്ഞ കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു താരം. താരം മടങ്ങിയെത്തുന്നതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകും

'ധോണിക്ക് ക്രിക്കറ്റിൽ ഇനിയും ഒരുപാട് സംഭാവനകൾ നൽകാൻ കഴിയും. പരിക്ക് ഭേദമായി കായികക്ഷമതയോടെ അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്കറ്റുകൾക്കിടയിലുള്ള ഓട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി പരിശീലനം തുടരുകയാണ്.' -മൈക്ക് ഹസി പറഞ്ഞു.

തിരിച്ചുവരവിൽ ധോണി ഏത് റോളിലായിരിക്കും കളിക്കുക എന്നതാണ് പ്രധാന ചർച്ചാ വിഷയം. കാലിനേറ്റ പരിക്കിനെ തുടർന്ന് ഫീൽഡിംഗിലെ ആയാസം കുറയ്ക്കാനായി ധോണി ഇംപാക്ട് പ്ലെയറായി ബാറ്റിംഗിന് മാത്രം എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആരാധകർക്ക് വിക്കറ്റിന് പിന്നിലെ 'തല'യെ തന്നെ കാണാൻ സാധിക്കുമെന്ന സൂചനയും മൈക്ക് ഹസി നൽകുന്നു. സ്റ്റമ്പുകൾക്ക് പിന്നിൽ ധോണിയുടെ സാന്നിദ്ധ്യം ടീമിന് നൽകുന്ന ആത്മവിശ്വാസം ഏറെയാണ്.

ധോണിക്ക് ടീമിൽ എന്ത് റോൾ വേണമെന്ന കാര്യത്തിൽ പൂർണ സ്വാതന്ത്ര്യം നൽകാനാണ് ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്‌മെന്റിന്റെ തീരുമാനം. അദ്ദേഹം ആവശ്യപ്പെടുന്ന ഏത് റോളും നൽകാൻ തയ്യാറാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മുംബയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ധോണി കളിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും താരം ഇറങ്ങാതിരുന്നത് നിരാശയിലാഴ്ത്തി. എന്നാൽ വരും മത്സരങ്ങളിൽ മഞ്ഞക്കുപ്പായത്തിൽ ധോണി ക്രീസിലെത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, DHONI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360