SignIn
Kerala Kaumudi Online
Saturday, 16 May 2026 6.27 AM IST

'എനിക്ക് ആ മനുഷ്യനുമായി ഒരു ബന്ധവുമില്ല, ക്ഷമിക്കും പക്ഷെ  മറക്കില്ല, ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു'

sreeshanth-harbajan

കൊച്ചി: 2008 ഐപിഎൽ മത്സരത്തിനിടെ ഉണ്ടായ സ്ലാപ്‌ഗേറ്റ് വിവാദത്തിൽ ഹർഭജൻ സിംഗുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മലയാളി താരം എസ് ശ്രീശാന്ത്. ഹർഭജനുമായുള്ള എല്ലാ ബന്ധങ്ങളും താൻ അവസാനിപ്പിച്ചതായും അദ്ദേഹത്തെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതായും ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു പ്രമുഖ മലയാള മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീശാന്ത് ഹർഭജനെക്കുറിച്ച് പറഞ്ഞത്. സ്ലാപ്‌ഗേറ്റ് വിവാദത്തെ മുൻനിർത്തിയുള്ള പരസ്യത്തിലൂടെ ഹർഭജൻ 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സമ്പാദിച്ചതായും ശ്രീശാന്ത് ആരോപിച്ചു.

'ഞാൻ ഇതുവരെ ഒരു ഇന്റർവ്യൂവിലും ഭാജിയെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല, ഇതാദ്യമായാണ് പറയുന്നത്. കുറച്ചു കാലം മുൻപ് വരെ ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ആ പഴയ സംഭവം വച്ച് അദ്ദേഹം വീണ്ടും ഒരു പരസ്യം ചെയ്തു. ഏകദേശം 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ അതിലൂടെ അദ്ദേഹം ഉണ്ടാക്കി കാണും.

എന്നിട്ട് എന്നെ ഫോണിൽ വിളിച്ച് ആ പരസ്യം എന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു. അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'ഞാൻ ക്ഷമിക്കും, പക്ഷെ മറക്കില്ല' എന്ന്. ആരെങ്കിലും നമ്മളോട് ഒരു തെറ്റ് ചെയ്താൽ അവരോട് ക്ഷമിക്കണം, പക്ഷെ അത് മറക്കരുത്. മറന്നു പോയാൽ അവർ വീണ്ടും അത് തന്നെ ആവർത്തിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം. അതിൽ എനിക്ക് സംശയമൊന്നുമില്ല.

ഇപ്പോൾ എനിക്ക് ആ മനുഷ്യനുമായി ഒരു ബന്ധവുമില്ല. ഒരു സഹോദരനെപ്പോലെയായിരുന്നു ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്. പക്ഷെ കഴിഞ്ഞ ഒന്ന് രണ്ട് മാസത്തിനിടെ ആ പരസ്യം വന്നതോടെ ഞാൻ അദ്ദേഹത്തെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു. തെറ്റുകൾ ക്ഷമിക്കണമെന്നും എന്നാൽ അത് മറക്കരുതെന്നുമാണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിട്ടുള്ളത്. എനിക്ക് അദ്ദേഹത്തോട് പരാതിയൊന്നുമില്ല, എനിക്ക് അദ്ദേഹത്തിന്റെ ആവശ്യവുമില്ല. അദ്ദേഹവും കുടുംബവും നന്നായിരിക്കട്ടെ.

അശ്വിനോടൊപ്പമുള്ള അഭിമുഖത്തിലൊക്കെ അദ്ദേഹം എന്റെ മകളെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. അത് കാണുമ്പോൾ ആളുകൾ വിചാരിക്കും അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന്. ചിലപ്പോൾ അദ്ദേഹം നല്ലവനായിരിക്കാം. പക്ഷെ ഇന്ത്യൻ ടീമിൽ കളിച്ച കാലം മുതൽ ഇന്നുവരെ ഞാൻ കണ്ടിട്ടുള്ളത് അദ്ദേഹത്തിന്റെ വെറും അഭിനയം മാത്രമാണ്. ആ അഭിനയം അംഗീകരിക്കാൻ ശ്രീശാന്തിന് കഴിയില്ല.'- മുൻ ഇന്ത്യൻ താരം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SREESHANTH, HARBHAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360