ന്യൂയോർക്ക് : യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊടുംഭീകരൻ അയ്‌മൻ അൽ സവാഹിരി കൊല്ലപ്പെട്ടതോടെ അൽ ക്വ ഇദയുടെ പുതിയ തലവനായി സെയ്ഫ് അൽ അദേൽ ചുമതലയേറ്റതായും ഇയാൾ ഇപ്പോൾ ഇറാനിലുണ്ടെന്നും യു.എൻ റിപ്പോർട്ട്. എന്നാൽ എന്നു മുതലാണ് ഇയാൾ ഇറാൻ കേന്ദ്രമാക്കിയതെന്ന് വ്യക്തമല്ല.
2000ങ്ങളുടെ തുടക്കം മുതൽ ഇയാൾ ഇറാനിലാണെന്നും പാകിസ്ഥാനിലേക്ക് അടക്കം യാത്രകൾ നടത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. സവാഹിരി കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ അദേൽ അൽ ക്വ ഇദയുടെ മേധാവിയാകുമെന്ന് യു.എസ് സൂചിപ്പിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് യു.എൻ റിപ്പോർട്ട്.
അൽ ക്വ ഇദയുടെ മുൻ തലവൻ ഒസാമ ബിൻ ലാദന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അദേൽ 2001 മുതൽ അമേരിക്കയിൽ എഫ്.ബി.ഐയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുണ്ട്. ഇയാളുടെ തലയ്ക്ക് യു.എസ് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ വംശജനായ അദേൽ മുമ്പ് ഈജിപ്ഷ്യൻ സ്‌പെഷ്യൽ ഫോഴ്സ് ലെഫ്റ്റനന്റ് കേണലായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് കടന്നു.
സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധനായ ഇയാൾ 2001 സെ്റ്റപംബർ 11ന് അമേരിക്കയെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഭാഗമായ തീവ്രവാദികൾക്ക് പരിശീലനം നൽകിയിരുന്നു. സംഘടനയുടെ നിരവധി പോരാട്ടങ്ങളിലും ഇയാൾ പങ്കെടുത്തു.
ഏകദേശം 63 വയസ് പ്രായം അദേലിനുണ്ടെന്ന് കരുതുന്നു. 1998ൽ കെനിയയിലെ യു.എസ് എംബസിയിൽ നടന്ന ബോംബാക്രമണത്തിനും 2002ൽ പാകിസ്ഥാനിൽ വച്ച് യു.എസ് മാദ്ധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ വധിച്ചതിനും പിന്നിൽ അദേലുണ്ടായിരുന്നു.
അതേ സമയം, സവാഹിരിയുടെ മരണവും അദേലിന്റെ ചുമതലയേൽക്കലും അൽ ക്വ ഇദ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ജൂലായ് 31ന് രാവിലെ അഫ്ഗാനിസ്ഥാനിലെ കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ നിൽക്കവെ സവാഹിരിയെ യു.എസിന്റെ എം.ക്യൂ - 9 റീപ്പർ ഡ്രോണിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഹെൽഫയർ ആർ 9 എക്സ് മിസൈലുകൾ ഛിന്നഭിന്നമാക്കുകയായിരുന്നു.
വധത്തിന് പിന്നാലെ, സവാഹിരി അഫ്ഗാനിലുണ്ടായിരുന്നതായി അറിവില്ലെന്നും അന്വേഷണം ആരംഭിച്ചെന്നുമായിരുന്നു താലിബാന്റെ പ്രതികരണം. മിസൈൽ പതനത്തിന് പിന്നാലെ സവാഹിരിയുടെ മൃതദേഹാവശിഷ്ടങ്ങൾ അയാളുടെ അനുയായികൾ നീക്കിയെന്ന് യു.എസ് അറിയിച്ചിരുന്നെങ്കിലും സവാഹിരിയുടെ മൃതദേഹം തങ്ങൾ ഇതുവരെ കണ്ടെത്തിയില്ലെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു താലിബാന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |