ഇസ്ലാമാബാദ് : രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള പണം ധനവകുപ്പിന്റെ പക്കലില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബിനൊപ്പം അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പങ്കെടുത്ത സംയുക്ത വാർത്താ സമ്മേളനത്തിലാണ് ആസിഫിന്റെ വെളിപ്പെടുത്തൽ.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ആസിഫ് വിമർശിച്ചു. ഇമ്രാൻ നടത്തുന്ന വധശ്രമ ആരോപണങ്ങൾ കള്ളമാണെന്നും മുൻ ആർമി തലവൻ ജനറൽ ഖാമർ ജാവൈദ് ബജ്‌വയ്ക്ക് കാലാവധി നീട്ടി നൽകിയത് ഇമ്രാനാണെന്നും ഇപ്പോൾ ഇമ്രാൻ തന്നെ ബജ്‌വയെ കുറ്റപ്പെടുത്തുകയാണെന്നും ആസിഫ് പറഞ്ഞു.
പ്രവിശ്യാ അസംബ്ലികൾ പിരിച്ചുവിട്ടുള്ള ഇമ്രാന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വർഷം ഒക്ടോബറിലാണ് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |