ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വത്തിനൊപ്പം ,ഔദ്യോഗിക വസതിയായ ടി.എൽ(തുഗ്ളക്ക് ലെയിൻ) 12 എന്നറിയപ്പെട്ട പാർട്ടിയുടെ ഡൽഹിയിലെ രണ്ടാം അധികാരകേന്ദ്രവും നഷ്ടമാകുന്നു. മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ 10 ജൻപഥ് കഴിഞ്ഞാൽ, 19 വർഷമായി ഈ വീടായിരുന്നു നിർണായക ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വേദി.
2004ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ആദ്യമായി ലോക്സഭയിലെത്തിയപ്പോഴാണ് രാഹുലിന് ഈ ഔദ്യോഗിക വസതി ലഭിച്ചത്. പാർലമെന്റ്, അക്ബർ റോഡിലെ പാർട്ടി ആസ്ഥാനം, സോണിയയുടെ വസതി .എല്ലാം കാറിൽ അഞ്ചു മിനിട്ടിൽ എത്താവുന്ന ദൂരത്തിൽ. സുരക്ഷിതമായ ഒരു കോണിൽ സ്ഥിതി ചെയ്യുന്ന വിശാലമായ ടൈപ്പ് 8 ബംഗ്ളാവിലാണ് രാഹുലിന്റെ ഓഫീസും . പാർട്ടി ചർച്ചകൾ പ്രത്യേക മുറിയിൽ. മാദ്ധ്യമങ്ങൾക്ക് ഉള്ളിൽ പ്രവേശനമില്ല. വീടിനുള്ളിലെ അലങ്കാരങ്ങളെല്ലാം സഹോദരി പ്രിയങ്കയുടെ കൈവിരുതാണ്. വിശാലമായ വളപ്പിന്റെ കോണിൽ ഷട്ടിൽ കോർട്ടും വീടിനുള്ളിൽ ജിമ്മും.
10, ജൻപഥിലെ വീട്ടിൽ നിന്ന് 2005ൽ താമസം മാറ്റിയ ശേഷം രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ജയപരാജയങ്ങൾക്കെല്ലാം ഈ വസതി സാക്ഷ്യം വഹിച്ചു. 2007ൽ യൂത്ത് കോൺഗ്രസിന്റെയും എൻ.എസ്.യു.ഐയുടെയും ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയും, 2013ൽ ഉപാദ്ധ്യക്ഷനും ,2017ൽ അദ്ധ്യക്ഷനുമായി .2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ധ്യക്ഷ സ്ഥാനം രാജി വച്ചെങ്കിലും വീടിന്റെ പ്രാധാന്യം കുറഞ്ഞില്ല. ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേൽ-ടിഎസ് സിംഗ് ദിയോ, രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട്-സച്ചിൻ പൈലറ്റ് തർക്കങ്ങളിലടക്കം 10 ജൻപഥ്(സോണിയ), 24 അക്ബർ റോഡ്(പാർട്ടി ആസ്ഥാനം), 15 ജി.ആർ.ജി(പാർട്ടി വാർ റൂം) എന്നിവയ്ക്കൊപ്പം ടി.എൽ 12ഉം നിർണായക ചർച്ചകളുടെ വേദിയായി.
വീടൊഴിയണമെന്ന ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയുടെ നോട്ടീസിനുള്ള മറുപടിയിൽ, ടി.എൽ 12മായുള്ള ആത്മബന്ധവും, അവിടത്തെ സന്തോഷകരമായ ഓർമകളും രാഹുൽ വിശദീകരിക്കുന്നു. നോട്ടീസ് പ്രകാരം വീടൊഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. വീടൊഴിഞ്ഞാൽ 10 ജൻപഥിലേക്ക് മാറുമെന്നാണ് സൂചന.
വസതി ഒഴിയുമെന്ന് രാഹുൽ, ജനങ്ങളോട് കടപ്പാട്
ലോക്സഭാംഗത്വം നഷ്ടമായ സാഹചര്യത്തിൽ ഡൽഹി തുഗ്ളക്ക് ലെയ്നിലെ 12-ാം നമ്പർ വസതി ഒഴിയണമെന്ന ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയുടെ ആവശ്യം അനുസരിക്കുമെന്ന് രാഹുൽ ഗാന്ധി. 2004ൽ അമേഠിയിൽ നിന്ന് ജയിച്ച അന്നു മുതൽ താമസിക്കുന്ന വസതിയിലെ സന്തോഷകരമായ ഓർമ്മകൾക്ക് തന്നെ ജയിപ്പിച്ച ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് കത്തിൽ രാഹുൽ പറഞ്ഞു. അവകാശങ്ങളെക്കുറിച്ച് പറയാതെയും മുൻവിധികളില്ലാതെയും നോട്ടീസിലെ കാര്യങ്ങൾ പാലിക്കുമെന്ന് രാഹുൽ വ്യക്തമാക്കി. ഏപ്രിൽ 22നുള്ളിൽ ഒഴിയണമെന്നാണ് രാഹുലിന് ലഭിച്ച നോട്ടീസ്.
'എൻ.എസ്.യു.ഐ പുനഃസംഘടനാ ചർച്ചകൾക്കായി രാഹുൽ ഗാന്ധിയെ ആദ്യമായി കണ്ടത് ടി.എൽ 12ലാണ്. 2008ൽ എൻ.എസ്.യു.ഐ ഉപാദ്ധ്യക്ഷൻ, 2014ൽ ദേശീയ പ്രസിഡന്റ് എന്നീ നിലകളിൽ നടന്ന ചർച്ചകളുടെ വേദിയായിരുന്നു. ഭക്ഷണം നൽകി രാഹുൽ മികച്ച ആതിഥേയനാകും. ഇടയ്ക്കിടെ ചോക്ളേറ്റ് വിതരണം".
-റോജി ജോൺ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |