മോസ്കോ: റഷ്യയിൽ യു.എസ് മാദ്ധ്യമപ്രവർത്തകൻ ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിൽ. ദ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടറായ ഇവാൻ ഗെർഷ്കോവിച് ( 31 ) ആണ് അറസ്റ്റിലായത്. റഷ്യയിൽ റിപ്പോർട്ടിംഗ് ചെയ്ത് ഏറെ പരിചയസമ്പത്തുള്ള ഇവാനെ മോസ്കോയിൽ നിന്ന് 1,800 കിലോമീറ്റർ അകലെ കിഴക്കുള്ള യെകറ്റെറിൻബർഗിൽ നിന്ന് റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) ആണ് പിടികൂടിയത്. മോസ്കോയിലെ ലെഫോർടോവോ ജില്ലാ കോടതിയിൽ ഹാജരാക്കിയ ഇവാൻ മേയ് 29 വരെ കസ്റ്റഡിയിൽ തുടരും. ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു യു.എസ് മാദ്ധ്യമപ്രവർത്തകനെ ചാരവൃത്തി ആരോപിച്ച് റഷ്യ തടവിലാക്കുന്നത്. 1986ൽ നിക് ഡാനിലോഫാണ് സമാന കുറ്റങ്ങൾ ചുമത്തി റഷ്യയിൽ അറസ്റ്റിലായ യു.എസ് മാദ്ധ്യമ പ്രവർത്തകൻ. ഇവാനെതിരായ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച വാൾസ്ട്രീറ്റ് ജേണൽ അദ്ദേഹത്തിന്റെ സുരക്ഷയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ചാരവൃത്തി നടത്തുന്നതിനിടെ ഇവാനെ കയ്യോടെ പിടികൂടിയെന്നാണ് ക്രെംലിൻ പ്രതികരിച്ചത്. യു.എസിൽ നിന്നുള്ള നിർദ്ദേശാനുസൃതം ഇവാൻ റഷ്യയുടെ സൈനിക നീക്കങ്ങൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന് എഫ്.എസ്.ബി പറഞ്ഞു. ഒരു റഷ്യൻ പ്രതിരോധ സംരംഭത്തിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഇവാൻ കൈക്കലാക്കിയെന്ന് എഫ്.എസ്.ബി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ഇയാൾ യെകറ്റെറിൻബർഗിൽ ജോലി ചെയ്തിരുന്നതെന്ന് അധികൃതർ പറയുന്നു. തന്നെ കോടതി മുറിയിൽ പ്രവേശിപ്പിച്ചില്ലെന്ന് ഇവാന്റെ അഭിഭാഷകൻ ആരോപിച്ചു. ഇവാൻ കുറ്റം നിഷേധിച്ചതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തകർച്ച നേരിടുന്ന റഷ്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ചും സാമൂഹ്യ ചെലവുകൾ നിലനിറുത്തിക്കൊണ്ട് ഉയരുന്ന സൈനിക ചെലവുകൾ റഷ്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ പറ്റിയുമാണ് ഇവാൻ അവസാനമായി വാൾസ്ട്രീറ്റ് ജേണലിൽ തയാറാക്കിയ ലേഖനം. ചാരവൃത്തിക്ക് പരമാവധി 20 വർഷം വരെ റഷ്യയിൽ തടവ് ലഭിക്കാം. യുക്രെയിനിൽ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് തന്നെ റഷ്യയിൽ ജോലി ചെയ്യുന്നതിൽ കടുത്ത വെല്ലുവിളികൾ നേരിടുന്നതായി വിദേശ മാദ്ധ്യമ പ്രവർത്തകരിൽ നിന്ന് പരാതി ഉയർന്നിരുന്നു. പലരെയും ' വിദേശ ഏജന്റുകൾ" എന്ന് മുദ്രകുത്തി. പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമ പ്രവർത്തകർക്ക് ഉപരോധവുമേർപ്പെടുത്തി. കഴിഞ്ഞ ഒരു വർഷമായി വാൾസ്ട്രീറ്റ് ജേണലിന് വേണ്ടി റഷ്യയിൽ പ്രവർത്തിച്ച ഇവാൻ ഇതിന് മുമ്പ് റഷ്യയിൽ തന്നെ എ.എഫ്.പിയ്ക്കും മോസ്കോ ടൈംസിനും വേണ്ടി ജോലി ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |