മുംബയ് : അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെന്ന കരാറിൽ യുവാവിനൊപ്പം മദ്ധ്യപ്രദേശിലേക്ക് പോയ സീരിയൽ നടി ചെന്ന് പെട്ടത് വൻ കുരുക്കിൽ. അവസാനം രക്ഷപ്പെട്ടത് പൊലീസിന്റെ ഇടപെടലിൽ.
മുംബയിൽ സിനിമകളിലും സീരിയലുകളിലും ചെറിയ റോളുകളിൽ അഭിനയിച്ചുവരികയാണ് 21കാരിയായ യുവതി. ഒരു സുഹൃത്തിന്റെ ഭർത്താവ് വഴിയാണ് മദ്ധ്യപ്രദേശ് സ്വദേശിയായ മുകേഷ് എന്ന യുവാവിന്റെ ഭാര്യയായി അഞ്ചുദിവസം അഭിനയിക്കാനുള്ള ഓഫർ ലഭിച്ചത്. ദിവസം 5000 രൂപ നൽകാം എന്ന കരാറിലായിരുന്നു യുവതി മുകേഷിനൊപ്പം പോയത്. മുകേഷിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാനാണ് വിവാഹം എന്നാണ് പറഞ്ഞിരുന്നത്.
തന്റെ നാടായ മദ്ധ്യപ്രദേശിലെ മന്ദ് സൗർ ഗ്രാമത്തിലെത്തിയ മുകേഷ് സീരിയൽ നടിയെ തന്റെ വധുവാണ് എന്നാണ് പരിചയപ്പെടുത്തിയത്. പിന്നാലെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് വിവാഹവും നടത്തി. തുടർന്ന് യുവതി മുകേഷിനോടൊപ്പം വീട്ടിൽ താമസിക്കാൻ തുടങ്ങി. ആറാം ദിവസം താൻ തിരിച്ചുപോവുകയാമെന്ന് യുവതി മുകേഷിനെ അറിയിച്ചു.
എന്നാൽ ഇതോടെ അയാൾ തനി സ്വഭാവം പുറത്തെടുത്തു. വിവാഹം നടത്തിയത് അഭിനയമല്ലെന്നും താൻ നടിയെ ഏർപ്പാടാക്കിയ ആൾക്ക് പണം നൽകിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.യുവതിയെ ഇയാൾ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഇതോടെ മുംബയിലെ മറ്റൊരു സുഹൃത്തിനെ യുവതി വിവരം അറിയിച്ചു. ഇവരുടെ പരാതിയിൽ കേസ് അന്വേഷിച്ച ധാരാവി പൊലീസ് മദ്ധ്യപ്രദേശിൽ എത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു,
മുകേഷിനും സുഹൃത്തിനും ഇയാളുടെ ബന്ധുക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുകേഷ് ഒളിവിലാണ്, തനിക്കെതിരെ ലൈംഗിക അതിക്രമം ഒന്നും ഉണ്ടായിട്ടില്ലെന്ന് സീരിയൽ താരം മൊഴി നൽകി. മുകേഷിനെയും യുവതിയെ കെണിയിൽപ്പെടുത്തിയ സുഹൃത്തിനെയും പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |