കണ്ണൂർ: ഇടതുമുന്നണിയിൽ ധാരണയിലെത്താത്തത് കാരണം മദ്യനയം പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി നീളുന്നു. ഏപ്രിൽ ഒന്നിന് പ്രഖ്യാപിക്കാൻ നേരത്തെ ധാരണയായെങ്കിലും കഴിഞ്ഞ യോഗങ്ങളിലെല്ലാം മുന്നണിയിലെ പ്രധാനകക്ഷികൾ തമ്മിൽ യോജിപ്പിലെത്താൻ കഴിഞ്ഞിരുന്നില്ല. കള്ള് ഷാപ്പ് ലൈസൻസ് പുതുക്കി നൽകുന്ന കാര്യത്തിലും ഇതോടെ അനിശ്ചിതത്വം തുടരുകയാണ്. കള്ള് ഷാപ്പുകളുടെ ലൈസൻസ് താത്കാലികമായി ഈ മാസം 31 വരെ നീട്ടിക്കൊടുക്കുകയാണുണ്ടായത്. ഏറെ കരുതലോടെ നയം തയ്യാറാക്കുന്നതിനാലാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് എക്സൈസ് വകുപ്പ് നൽകുന്ന സൂചന.
ബാറുടമകളുമായും കള്ള് ഷാപ്പ് ലൈസൻസികളുമായും നടത്തിയ ചർച്ചയിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ കൂടി പരിഗണിച്ചാവും പുതിയ മദ്യനയം തയ്യാറാക്കുക. ഉമ്മൻചാണ്ടി സർക്കാരിനെ വിവാദകൊടുങ്കാറ്റിൽ പിടിച്ചുലച്ച ബാർ കോഴ വിവാദമാണ് ഇടതുമുന്നണിയെയും മുൾമുനയിൽ നിർത്തുന്നത്.
പുതിയ മദ്യനയം വരുമ്പോൾ ഫീസിൽ വർദ്ധന വരുത്തിയാൽ അധികം വരുന്ന തുക അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ബാറുകൾക്കും കള്ള് ഷാപ്പുകൾക്കും ലൈസൻസ് പുതുക്കി നൽകിയിരിക്കുന്നത്. കള്ള് ഷാപ്പുകൾക്ക് ക്ളാസിഫിക്കേഷനുകൾ നൽകി ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നിർദ്ദേശങ്ങളടക്കം പുതിയ നയത്തിന്റെ ഭാഗമായുണ്ട്.
കള്ളുഷാപ്പുകളുടെ വില്പനയും പണമടയ്ക്കലുമെല്ലാം ഓൺലൈനാക്കുന്നതിന്റെ ഭാഗമായി രണ്ട് തവണ പരീക്ഷണാർത്ഥം ലേലം നടപടികളും വിജയകരമായി പൂർത്തിയാക്കി. കൊവിഡിനെ തുടർന്ന് ഏറേനാൾ ബാറുകൾ അടച്ചിട്ടനാൽ വൻതോതിൽ നഷ്ടമുണ്ടായതിനാൽ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കരുതെന്നാണ് ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഫീസ് കൂട്ടണമെന്ന ശുപാർശയാണ് എക്‌സൈസ് വകുപ്പ് സർക്കാരിന് നൽകിയത്.
ചെത്ത് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിച്ചേക്കും
കള്ളുഷാപ്പിൽ ഉണ്ടാവേണ്ട ചെത്തുതൊഴിലാളികളുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായി കുറയ്ക്കണമെന്ന ഷാപ്പുടമകളുടെ ആവശ്യം പരിഗണിച്ചേക്കും. നേരത്തെയുള്ള നിരവധി തൊഴിലാളികൾ വിരമിച്ചതിനാലും കള്ള് ചെത്ത് മേഖലയിലേക്ക് പുതുതലമുറക്കാർ വരാത്തതിനാലും തൊഴിലാളി ക്ഷാമമുണ്ടെന്നാണ് അവരുടെ വാദം.
ഒരു തൊഴിലാളി ഒരു തെങ്ങിൽ നിന്ന് രണ്ട് ലിറ്റർ കള്ള് അളക്കുമെന്ന മാനദണ്ഡത്തിന് മാറ്റം വരുത്തണമെന്ന നിർദ്ദേശവും ഷാപ്പുടമകൾ മുന്നോട്ടുവച്ചിരുന്നു. പുതിയ ഇനം തെങ്ങുകളിൽ നിന്ന് നാല് ലിറ്റർ വരെ കള്ള് കിട്ടുന്നുണ്ട്. തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായതിൽ കൂടുതൽ കള്ള് ഷാപ്പുകളിൽ സൂക്ഷിച്ചാൽ വ്യാജ കള്ള് എന്ന കുറ്റം ചുമത്തി എക്‌സൈസിന് കേസെടുക്കാം. ഒരു തൊഴിലാളി എട്ട് തെങ്ങ് ചെത്തണമെന്നതാണ് വ്യവസ്ഥ.
വഴിമുടക്കി ദൂരപരിധിയും
വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ തുടങ്ങിയിടങ്ങളിൽ നിന്ന് കള്ള് ഷാപ്പുകൾ പ്രവർത്തിക്കാനുള്ള ദൂരപരിധി 400 മീറ്ററാണ്. എന്നാൽ ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ബാർ ഹോട്ടലുകൾക്ക് ഇത് 50 മീറ്ററും ത്രീസ്റ്റാർ ബാറുകൾക്കും ചില്ലറ മദ്യവില്പനശാലകൾക്കും 200 മീറ്ററുമാണ്. കള്ള് ഷാപ്പുകളോടുള്ള ഈ വിവേചനം മാറ്റുന്നതും മദ്യനയത്തിൽ പരിഗണിച്ചേക്കും.
സംസ്ഥാനത്തെ കണക്കുകൾ
കള്ള്ഷാപ്പുകൾ- 4836
തൊഴിലാളികൾ- 19000
ഒരു ദിവസം ചെത്തുന്നത് - 4 ലക്ഷം ലിറ്റർ
മദ്യ നയം പ്രഖ്യാപിക്കുന്നതു അനിശ്ചിതമായി നീളുന്നതു കാരണം കള്ള് ഷാപ്പ് വ്യവസായത്തിൽ പ്രതിസന്ധി ശക്തമായിരിക്കയാണ്. ഇതു കള്ള് ഷാപ്പുടമകളെയും തൊഴിലാളികളെയും ഒരു പോലെ ബാധിച്ചിട്ടുണ്ട്.
വി.കെ. അജിത് ബാബു, ജനറൽ സെക്രട്ടറി, കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |