കൊച്ചി: സംസ്ഥാനത്തിന്റെ വ്യവസായ മേഖല വിപ്ളവകരമായ മുന്നേറ്റത്തിലേക്ക് നീങ്ങുകയാണെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. കൊച്ചിയിൽ ചെറുകിട വ്യവസായികളുടെ സംഘടനയായ കെ.എസ്.എസ്.ഐ.എ സംഘടിപ്പിച്ച ഇന്ത്യ ഇന്റർനാഷണൽ വ്യവസായ പ്രദർശനത്തിന്റെ ഭാഗമായി എറണാകുളം പ്രസ് ക്ളബുമായി ചേർന്ന് നടത്തിയ മാദ്ധ്യമ കോൺക്ളേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖവും പാലക്കാട് വ്യവസായ നഗരവും വിപുലമായ സാദ്ധ്യതകളാണ് കേരളത്തിനായി തുറന്നിടുന്നത്. സംസ്ഥാനത്ത് വ്യവസായം തുടങ്ങാനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കിയതിലൂടെ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശികതലത്തിൽ സംരംഭങ്ങൾ എങ്ങനെ എളുപ്പത്തിൽ തുടങ്ങാമെന്ന വിഷയത്തിൽ കേന്ദ്രീകരിച്ച ചർച്ചയിൽ ചെറുകിട വ്യവസായങ്ങളുടെ സമഗ്രമായ വളർച്ചയ്ക്ക് ബാങ്കുകളുടെ പങ്ക് വളരെ വലുതാണെന്നും ഇതിനായി ക്രിയാത്മകമായ നിലപാടുകൾ ബാങ്കുകൾ സ്വീകരിക്കണമെന്നും കോൺക്ലേവ് വിലയിരുത്തി.
ഉദ്ഘാടനം മുഖ്യമന്ത്രി
വ്യവസായ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ,കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുക്കും. കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് എക്‌സ്പോ ഡയറക്ടറി പുറത്തിറക്കിയാണ് ആദ്യദിവസത്തെ പരിപാടികൾ തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |