SignIn
Kerala Kaumudi Online
Thursday, 19 September 2024 6.17 PM IST

ആദ്യം സെക്സിനോടും ഭക്ഷണത്തോടും താൽപ്പര്യം, പക്ഷേ പിന്നീട് തോന്നുന്നതും ചെയ്യുന്നതും മറ്റുചിലത്, സന്ദീപിന് ഉണ്ടായത് ഇതേ അവസ്ഥയാേ?

Increase Font Size Decrease Font Size Print Page
sandeep

പണ്ടൊക്കെ സിഗരറ്റും മദ്യവുമൊക്കെയായിരുന്നു കേരളീയരുടെ ലഹരി. കാലം മാറിയതോടെ വായ്ക്കുള്ളിൽ വയ്ക്കുന്ന വീര്യംകൂടിയ പുകയില ഉല്പന്നങ്ങളിലേക്കും കഞ്ചാവിലേക്കും വഴിമാറി. ഇപ്പോൾ അതെല്ലാം മാറി മാരകമായ രാസലഹരിയിലെത്തിനിൽക്കുകയാണ്. പൊലീസും എക്സൈസും ലഹരിക്കാരെ പൂട്ടാൻ പണി പതിനെട്ടും പയറ്റുണ്ടെങ്കിലും എവിടെയും സുലഫമായി ലഭിക്കും. ഉപയോഗിച്ചാൽ ദിവസങ്ങളോളം കിക്ക് നിലനിൽക്കും. ആർക്കും സംശയം തോന്നില്ല...അങ്ങനെ പോകുന്നു എം ഡി എം എ ഉൾപ്പടെയുള്ള രാസലഹരിയുടെ 'മേന്മകൾ'. ആദ്യം സുഖകരമായ അനുഭൂതിയിലേക്ക് നയിക്കുമെങ്കിലും പിന്നെപ്പിന്നെ അത് ജീവിതത്തിൽ പിടിമുറുക്കും. ഒടുവിൽ ജീവിതം തന്നെ കൈവിട്ട് പോകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും.

ആദ്യം സുഖം, പിന്നെ സൈക്കോസിസ്

കേരളം ഞെട്ടലോടെ കേട്ട ഒരു വാർത്തയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിചെയ്തിരുന്ന ഹൗസ് സർജൻ വന്ദനാ ദാസിനെ ആശുപത്രിയിൽ വച്ച് സന്ദീപ് എന്ന അദ്ധാപകൻ കുത്തിക്കൊന്നു എന്നത്. പൊലീസ് ആശുപത്രിയിലെത്തിച്ച സന്ദീപ് ഒരു പ്രകോപനവും കൂടാതെതാണ് ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പൊലീസുകാർ ഉൾപ്പടെയുള്ള ചിലർക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തന്നെ ആരോ കൊല്ലാൻ വരുന്നു എന്ന് സന്ദീപ് തന്നെ തങ്ങളെ വിളിച്ച് പറയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇയാളെ ആക്രമിക്കാൻ ആരും ശ്രമിച്ചിരുന്നില്ല. എല്ലാം അയാളുടെ ഒരു തോന്നൽ മാത്രമായിരുന്നു. എം ഡി എം എ പോലുള്ള രാസലഹരിക്ക് അടിമകളായവരിൽ ഇത്തരത്തിലുള്ള തോന്നൽ ഉണ്ടാവാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എം ഡി എം എ അടക്കമുള്ളവ തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തുവിന്റെ അളവ് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. ഇത് കൂടുന്നതോടെ അമിതമായ സന്തോഷവും സുഖവുമൊക്കെ ഉണ്ടാവുന്നു. ഇതിനൊപ്പം ഭക്ഷണത്തോടും ലൈംഗികതയോടും താത്പര്യം കൂടുകയും ചെയ്യും. തുടക്കത്തിൽ ഇങ്ങനെയാണെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ട അവസ്ഥയിലേക്കെത്തും.

mdma

ഡോപമിന്റെ അളവ് ഒരു നിയന്ത്രണവുമില്ലാതെ കൂടുന്നത് സൈക്കാേസിസ് എന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയും ആരൊക്കെയോ കൊല്ലാൻ വരുന്നു എന്ന തോന്നലുണ്ടാവുകയും ചെയ്യും. ഇത്തരം അവസ്ഥയിൽ ഉള്ളവർ ഒരിക്കലും യഥാർത്ഥത്തിൽ നടക്കുന്നതെന്താണെന്ന് തിരിച്ചറിയുന്നില്ല. സന്ദീപ് ഡോക്ടറെആക്രമിച്ചതും ഈ അവസ്ഥയിലാകാം. മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും രാസലഹരി ഉപയോഗിക്കുന്നവർ ഭ്രാന്തുപിടിച്ചവരെപ്പോലെ പെരുമാറുകയും ചെയ്യും. എം ഡി എം എയിൽ നിന്ന് ഒരാളെ തിരിച്ചുകൊണ്ടുവരാൻ ഏറെ ബുദ്ധിമുട്ടാണെന്നാണ് ലഹരി ചികിത്സകർ തന്നെ പറയുന്നത്. ആത്മഹത്യക്ക് ശ്രമിക്കുക എന്നതാണ് ഇത്തരക്കാരിൽ പൊതുവെ കാണപ്പെടുന്ന ഒരു സ്വഭാവം. ഇതിനൊപ്പം അമിതമായ ദേഷ്യം, സ്വയം മുറിവേൽപ്പിക്കുക, ആരോടെങ്കിലും ഏറ്റുമുട്ടി സ്വന്തം ശരീരത്തിൽ പരിക്കുണ്ടാക്കുക എന്നിവയും ഇവരിൽ കാണാറുണ്ട്.

മാന്യരായവർ പോലും...

പ്രമുഖ സിനിമാ താരങ്ങൾ, അദ്ധ്യാപകർ തുടങ്ങി സമൂഹം ആദരവോടെ കാണുന്ന ആൾക്കാർ പോലും രാസലഹരിയുടെ പിടിയിലാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. രാസ ലഹരി ഉപയോഗിച്ച് പല്ലുപൊടിഞ്ഞ ഒരു പ്രമുഖതാരത്തെ തനിക്കറിയാം എന്ന് വെളിപ്പെടുത്തിയത് മറ്റൊരു പ്രമുഖ നടൻ തന്നെയാണ്. കുട്ടികളെയാണ് ലഹരിമാഫിയയ്ക്ക് ഏറെ ഇഷ്ടം. കുട്ടികളുടെ ലഹരി ഉപയോഗത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി വർദ്ധനയാണ് ഉണ്ടായത്. ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും ഇതിൽപ്പെടുന്നു.

തലസ്ഥാന നഗരത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥിനികളെ ലഹരിമാഫിയ ലക്ഷ്യമിട്ടിരിക്കുന്നു എന്ന വാർത്തയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു . കാരിയർമാരും വിൽപ്പനക്കാരുമാക്കാൻ എളുപ്പമുള്ളതിനാൽ ആൺകുട്ടികളെക്കാൾ പെൺകുട്ടികളെയാണ് ലഹരിമാഫിയ കെണിയിലാക്കുന്നത്. ഒരുമാസത്തിനിടെ മാതാപിതാക്കളുടെ മൂന്ന് പരാതികളാണ് എക്സൈസിന് ലഭിച്ചത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിനികളെക്കുറിച്ചുള്ളതാണ് ഇവ. എക്സൈസും പൊലീസും നടത്തിയ പരിശോധനയിൽ പല സ്കൂളുകളിലും ലഹരി ഉപയോഗം വൻതോതിലാണെന്ന് കണ്ടെത്തി. വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് ലഹരി നൽകി അവരെ ചൂഷണം ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.

mdma

ലഹരിമാഫിയ 10 വയസ് മുതലുള്ള വിദ്യാർത്ഥിനികളെയാണ് ലക്ഷ്യമിടുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ വലയിലാക്കുന്നതായ പരാതികളാണ് എക്സൈസിന് ലഭിക്കുന്നതിലേറെയും. വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കളുള്ളവർ, മാതാപിതാക്കൾ വേർപിരിഞ്ഞു കഴിയുന്നവർ, ആയമാരുടെ സംരക്ഷണയിലുള്ളവർ തുടങ്ങിയ കുട്ടികളെയാണ് ലഹരിമാഫിയ നോട്ടമിടുന്നതെന്നാണ് എക്സൈസ് അന്വേഷണത്തിലെ കണ്ടെത്തൽ.

ലഹരിമാഫിയ വിദ്യാർത്ഥിനികളെ വലയിലാക്കുന്നത് സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാം അടക്കമുള്ളവ വഴിയാണ്. സൗഹൃദം സ്ഥാപിച്ച ശേഷം നേരിൽ കാണാൻ ആവശ്യപ്പെടും. പിന്നീട് മുന്തിയ ഹോട്ടലുകളിലെത്തിച്ച് ഭക്ഷണം വാങ്ങിനൽകും. തുടർന്ന് രാസലഹരിയായ എം.ഡി.എം.എ ഭക്ഷണത്തിൽ അല്പം കലർത്തി നൽകും. ഒരിക്കൽ ഉപയോഗിച്ചാൽ അടിമയാക്കുന്ന ലഹരിയാണിത്. പിന്നീട് ലഹരി ലഭിക്കാൻ കുട്ടികൾ മാഫിയാസംഘത്തിലെ യുവാക്കളുടെ ആജ്ഞയ്ക്കനുസരിച്ച് പ്രവർത്തിക്കും.

ലക്ഷ്യം കച്ചവടം

വിദ്യാർത്ഥിനികളിലൂടെ മാഫിയാസംഘം ലക്ഷ്യമിടുന്നത് ലഹരിക്കച്ചവടത്തിനും ചൂഷണത്തിനുമാണ്. സ്കൂളുകളിലടക്കം നിറവും മണവുമില്ലാത്ത സിന്തറ്റിക്ക് ലഹരിക്ക് കുട്ടികളെ അടിമകളാക്കുകയാണ് ലക്ഷ്യം. പിന്നീട് ഇവരെ കച്ചവടത്തിനും ലഹരി കടത്തിനുമുപയോഗിക്കും. ഏതാനും വർഷത്തിനിടെ നൂറിലേറെ പരാതികളുണ്ടായിട്ടുണ്ടെങ്കിലും ലഹരി മാഫിയയെ ഇതുവരെ പൂട്ടാനായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DRUD, ISSUE, KERALA, MDMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.