തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രമേശ് ചെന്നിത്തല വ്യാജ ആരോപണങ്ങളുമായി എത്ര വാർത്താസമ്മേളനം നടത്തുന്നുവോ അത്രയും സീറ്റ് എൽ ഡി എഫിന് കൂടുമെന്നാണ് പരിഹാസം. ചെന്നിത്തലയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
"ബഹുമാന്യനായ മുൻ പ്രതിപക്ഷ നേതാവ്. ശ്രീ. രമേശ് ചെന്നിത്തല വ്യാജ ആരോപണങ്ങളുമായി എത്ര വാർത്താസമ്മേളനം നടത്തുന്നുവോ അത്രയും സീറ്റ് എൽ ഡി എഫിന് കൂടും....കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മളത് കണ്ടതാണ്..."- എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചിരുന്നു.കർണാടകയിൽ നാൽപ്പത് ശതമാനം കമ്മീഷനാണെങ്കിൽ ഇവിടെ എൺപത് ശതമാനം കമ്മീഷനാണ് സർക്കാർ അടിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതുപോലെ അഴിമതി നടത്തിയ ഒരു സർക്കാർ ഉണ്ടായിട്ടില്ലെന്നും തുടർഭരണത്തിന് ശേഷം സർക്കാരിന്റെ അഹങ്കാരം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്നും വിമർശിച്ചിരുന്നു. കൂടാതെ മടിയിൽ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആരോപണങ്ങളോട് പ്രതികരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |