ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ നടന്ന നീതി ആയോഗ് കൗൺസിൽ യോഗത്തിൽ നിന്ന് ഒൻപത് മുഖ്യമന്ത്രിമാർ വിട്ടുനിന്നു. ഡൽഹി പ്രഗതി മൈതാനിലെ പുതിയ കൺവെൻഷൻ സെന്ററിലാണ് നീതി ആയോഗിന്റെ എട്ടാമത് കൗൺസിൽ യോഗം നടന്നത്. 'വിക്ഷിത് ഭാരത് @2047; റോൾ ഒഫ് ഇന്ത്യ' എന്നതായിരുന്നു യോഗത്തിന്റെ പ്രമേയം.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ബംഗാൾ മുഖ്യമന്ത്രി മമതാ ബാർജി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവരായിരുന്നു യോഗത്തിൽ നിന്ന് വിട്ടുനിന്നത്.
🎥Visuals of the @NITIAayog Governing Council meeting underway pic.twitter.com/KihqOZ36ZP
— PIB India (@PIB_India) May 27, 2023
ആരോഗ്യപരമായ കാരണങ്ങൾകൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് അശോക് ഗെലോട്ട് വ്യക്തമാക്കി. അതേസമയം, പിണറായി വിജയൻ കാരണം വെളിപ്പെടുത്തിയില്ല. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഓർഡിനൻസിൽ പ്രതിഷേധിച്ച് നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുന്നതായി കേജ്‌രിവാൾ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഹൈദരാബാദിൽ കേജ്‌രിവാളുമായി കൂടിക്കാഴ്‌ചയുള്ളതിനാലാണ് കെ ചന്ദ്രശേഖർ റാവു പങ്കെടുക്കാത്തതെന്ന് റിപ്പോർട്ടുണ്ട്.
പഞ്ചാബിന്റെ താത്‌പര്യങ്ങൾ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്നും അതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്ന് ഭഗവന്ത് മാനും കേന്ദ്രത്തോട് വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമതാ ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂരിലും ജപ്പാനിലും സന്ദർശനം നടത്തുകയാണ് എം കെ സ്റ്റാലിൻ. നിതീഷ് കുമാറിന് മുൻ നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |