പേരൂർക്കട: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ പാറോട്ടുകോണം സ്‌നേഹ ജംഗ്ഷന് സമീപം ടി.സി 14/1180 (2)ൽ മയൂർ ദ്വീപിൽ പുഷ്പാംഗദൻ (85), ഭാര്യ ശാന്ത(82) എന്നിവരാണ് മരിച്ചത്. ഭാര്യ ശാന്തയെ കൊലപ്പെടുത്തിയശേഷം പുഷ്പാംഗദൻ ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്. കിടപ്പുമുറിയിലെ കട്ടിലിൽ നിന്ന് നിലത്തുവീണ നിലയിലായിരുന്നു ശാന്തയുടെ മൃതദേഹം കിടന്നിരുന്നത്. ഇവരുടെ കഴുത്തിൽ കുത്തേറ്റിരുന്നു. മുറിയിൽ നിന്ന് ഒരു കത്തിയും പൊലീസ് കണ്ടെത്തി.
മറ്റൊരു മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പുഷ്പാംഗദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കൈത്തണ്ടയിലും മുറിവുണ്ട്. ഇന്നലെ രാവിലെയാണ് വീടിന്റെ രണ്ട് കിടപ്പുമുറികളിലായി ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വർഷങ്ങളായി ഇവർ ഇരുവരും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
പകൽ സമയങ്ങളിൽ സമീപത്തെ വീട്ടിലെ സ്ത്രീ ആഹാരം പാകം ചെയ്യാനും പുറംജോലികൾ ചെയ്യാനും ഇവിടെ എത്താറുണ്ട്. പതിവുപോലെ ഇന്നലെ രാവിലെ ഇവരെത്തി വിളിച്ചിട്ടും അകത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് അയൽവാസികളെ വിളിച്ചുവരുത്തി വാതിൽ തള്ളി തുറന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മണ്ണന്തല പൊലീസ്, ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പുഷ്പാംഗദൻ അബുദാബി എയർപോർട്ടിലെ ഉദ്യോഗസ്ഥനായിരുന്നു. മുംബയ് ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ (ബാർക്) ഉദ്യോഗസ്ഥയായിരുന്നു ശാന്ത. 20 വർഷം മുൻപാണ് ഇവർ പാറോട്ടുകോണത്ത് താമസമാക്കിയത്.
ഇവരുടെ മൂത്തമകൻ അനിൽകുമാർ ഭാര്യ ലിനിയുമൊത്ത് കാനഡയിലാണ്. രണ്ടാമത്തെ മകൻ സുനിൽകുമാർ അബുദാബിയിൽ യു.എ.ഇ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനാണ് .
കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു ശാന്തയെന്ന് പറയപ്പെടുന്നു. ഇതിനിടെയുണ്ടായ വീഴ്ചയിൽ ഇവരുടെ തുടയെല്ല് പൊട്ടി. കഴിഞ്ഞയാഴ്ച അബുദാബിയിൽ നിന്ന് ഇളയ മകൻ സുനിൽകുമാർ നാട്ടിലെത്തി ശാന്തയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്ത ശേഷം മൂന്ന് ദിവസം മുൻപാണ് മടങ്ങിപ്പോയത്. വിദേശത്തുള്ള മക്കൾ ഇരുവരും ഇന്ന് നാട്ടിലെത്തും. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |