കണ്ണൂർ: ബോഗിയിൽ ആദ്യം ചെറിയതോതിൽ പുക ഉയരുന്നതാണ് കണ്ടതെന്നും പൊടുന്നനെ ആളിക്കത്തുകയായിരുന്നു എന്നുമാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിൽ തീ പടരുന്നത് കണ്ടവർ പറയുന്നത്. ഇതാണ് അട്ടിമറി സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.
പോർട്ടർമാരാണ് ബോഗിയിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഇവരാണ് സ്റ്റേഷൻമാസ്റ്റർ ഉൾപ്പെടയുള്ളവരെ വിവരമറിയിച്ചത്. ഇതിനിടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ എൻജിൻ ഓഫുചെയ്ത വണ്ടിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതിനിടെയാണ് ക്യാനുമായി ഒരാൾ ബോഗിയിലേക്ക് നടന്നുപോകുന്ന സി സി ടി വി ദൃശ്യം ലഭിച്ചത്. ഇതോടെ അട്ടിമറി സംശയം കൂടുതൽ ബലപ്പെട്ടു. പെട്രോൾ പോലെ എളുപ്പത്തിൽ തീ പിടിക്കുന്ന എന്തോ ഉപയോഗിച്ച് തീ ഇട്ടെന്നാണ് സംശയിക്കുന്നത്.
ബോഗി തീപിടിച്ച ഏട്ടാമത്തെ യാർഡിന് തൊട്ടടുത്തായി റെയിൽവേയുടെ ഓഫീസ് സ്ഥിതിചെയ്യുന്നുണ്ട്. ഇതിനടുത്തായി ഒരു നടവഴിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എണ്ണ സംഭരണിയുമുണ്ട്. ഇതിലേക്ക് തീ പടർന്നിരുന്നെങ്കിൽ ദുരന്തം ഭയാനകമാകുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |