മുംബയ്: മേയ് മാസത്തിൽ ഇന്ത്യൻ ഇക്വിറ്റികളിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) 43,838 കോടി രൂപ നിക്ഷേപിച്ചു. ഒൻപതുമാസത്തിനിടെയുള്ള ഉയർന്ന പ്രതിമാസ വാങ്ങലാണിത്. ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളും ന്യായമായ മൂല്യനിർണ്ണയവുമാണ് വിദേശ നിക്ഷേപകരെ അറ്റ വാങ്ങൽകാരാക്കിയത്.
മാത്രമല്ല, ജൂണിൽ ഇതുവരെ അവർ അറ്റ നിക്ഷേപം നടത്തി. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് ആകർഷിച്ചത് 6,490 കോടി രൂപയുടെ വിദേശ നിക്ഷേപമാണ്.
ഏപ്രിലിൽ 11,630 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും ഇക്വിറ്റി നിക്ഷേപം എഫ്.പി.ഐകൾ നടത്തിയിരുന്നു. 2022 ഓഗസ്റ്റിൽ നിക്ഷേപിച്ച 51,204 കോടി രൂപയാണ് മെയ് മാസത്തിന് മുൻപുള്ള ഉയർന്ന വിദേശ നിക്ഷേപം. ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ എഫ്പിഐകൾ 34,000 കോടി രൂപ പിൻവലിക്കുകയും ചെയ്തു.
യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാർടണേഴ്‌സ് അദാനി ഗ്രൂപ്പ് കമ്പനികളിൽ നടത്തിയ ബൾക്ക് നിക്ഷേപമാണ് മാർച്ച് നിക്ഷേപത്തെ പോസിറ്റീവാക്കിയത്. അല്ലാത്തപക്ഷം അറ്റ വില്പ രേഖപ്പെടുത്തുമായിരുന്നു. വളർന്നുവരുന്ന വിപണികളിൽ കൂടുതൽ നിക്ഷേപം ആകർഷിച്ചതും ഇന്ത്യയാണ്.
ധനകാര്യം, ഓട്ടോമൊബൈൽസ്, ടെലികോം, നിർമ്മാണം എന്നീ മേഖലകളാണ് എഫ്.പി.ഐകൾ പ്രധാനമായും ലക്ഷ്യം വച്ചത്. ഇക്വിറ്റികൾക്ക് പുറമെ ഡെബ്റ്റ് മാർക്കറ്റ് മെയ് മാസത്തിൽ 3276 കോടി രൂപയുടെ വിദേശ നിക്ഷേപം ആകർഷിച്ചു. വിദേശ നിക്ഷേപകർ, 2023 ൽ ഇതുവരെ 35748 കോടി രൂപയുടെ അറ്റ ഇക്വിറ്റി നിക്ഷേപവും 7471 കോടി രൂപയുടെ അറ്റ ഡെബ്റ്റ് മാർക്കറ്റ് നിക്ഷേപവുമാണ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |