ബാലരാമപുരം: ഉച്ചക്കടയിൽ തടിക്കടയിലും സമീപത്തെ എ.ടി.എം കൗണ്ടറിലും മോഷണം നടത്തിയ കേസിൽ ജാർഖണ്ഡ് സ്വദേശിയെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സഹേബ് ഗഞ്ചി ജില്ലയിൽ പൂർവാർഡിൽ ബിഷ്ണു മണ്ഡലാണ് (33) പിടിയിലായത്. ഉച്ചക്കടയിൽ അതിഥിത്തൊഴിലാളി കേന്ദ്രത്തിലെ അന്തേവാസിയാണ്. നാലിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉച്ചക്കടയിലുള്ള ഇന്ത്യ ഒൺ എ.ടി.എം കൗണ്ടറിലെ ഡി.വി.ആർ, മോഡം, കാമറ എന്നിവ ആദ്യം മോഷ്ടിച്ചു. പിന്നാലെ ഉച്ചക്കടയിലെ തടിക്കടയിൽ മേശയിൽ സൂക്ഷിച്ചിരുന്ന 5500 രൂപയും ഇയാൾ മോഷ്ടിച്ച് കടക്കുകയായിരുന്നു. കള്ളൻ ഓടിമറയുന്ന ദൃശ്യങ്ങൾ കടയിലെ സി.സി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. കടയുടമ ഉച്ചക്കട മുള്ളുവിളവീട്ടിൽ ചന്ദ്രന്റെ പരാതിയെ തുടർന്ന് ബാലരാമപുരം പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. സി.സിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവിനെ തുടർന്ന് കള്ളൻ അതിഥിത്തൊഴിലാളികളുടെ കേന്ദ്രത്തിലെ താമസക്കാരനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പേരൂർക്കട വട്ടിയൂർക്കാവ് മുക്കോല റോസ് ഗാർഡർ തിരുവാതിര വീട്ടിൽ രഘുനാഥപിള്ളയുടെ മകൻ പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് എ.ടി.എം കൗണ്ടർ. ഉച്ചക്കടയിൽ നാരായണ ട്രേഡിംഗ് ഏജൻസി നടത്തിവരികയാണ് ഇദ്ദേഹം. എ.ടി.എം കൗണ്ടറിൽ നടത്തിയ മോഷണത്തിൽ 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. രണ്ട് സംഭവത്തിലും ബാലരാമപുരം പൊലീസ് എസ്.എച്ച്.ഒ വിജയകുമാർ, എസ്.ഐ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിത അന്വേഷണം നടത്തിവരികയാണ്. ബിഷ്ണു മണ്ഡലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |