ഹെെദരാബാദ്: യുവതിയെ കൊന്ന് മാൻഹോളിൽ തള്ളിയ പൂജാരി പിടിയിൽ. തെലങ്കാനയിലെ സരൂർനഗരിലാണ് സംഭവം. ഇവിടുത്തെ ക്ഷേത്രത്തിലെ പൂജാരിയായ അയ്യഗരി സായി കൃഷ്ണയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹെെദരാബാദിലെ ഷംഷാബാദ് സ്വദേശിയായ അപ്‌സരയാണ് (30) കൊല്ലപ്പെട്ടത്.
ജൂൺ മൂന്നാം തീയതിയാണ് അപ്‌സരയെ സായ്‌കൃഷ്ണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ക്ഷേത്രത്തിന് പിറകിലുള്ള മാൻഹോളിൽ തള്ളുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി തന്നെ ജൂൺ അഞ്ചിന് അപ്സരയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി.
ജൂൺ മൂന്നാം തീയതി അപ്‌സരയെ ഷംഷാബാദിൽ കൊണ്ടുവിട്ടത് താനാണെന്നും നാലാം തീയതി മുതൽ യുവതിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു സായ്‌കൃഷ്ണയുടെ പരാതി. ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പരാതിയിൽ പൊരുത്തക്കേടുകളുള്ളതിനാൽ പൊലീസിന് ഇയാളുടെ മേൽ സംശയം ഉണ്ടായിരുന്നു. വ്യാഴാഴ്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കൊലപ്പെടുത്തിയതാണെന്നും മൃതദേഹം മാൻഹോളിൽ തള്ളിയെന്നും പ്രതി വെളിപ്പെടുത്തിയത്.
പൂജാരിയായ സായ്‌കൃഷ്ണൻ വിവാഹിതനാണ്. ഇയാൾക്ക് രണ്ട് കുട്ടികളും ഉണ്ട്. അടുത്തിടെ ഭാര്യയെ ഒഴിവാക്കണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും അപ്‌സര പൂജാരിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിർബന്ധം പിടിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.
ജൂൺ മൂന്നാം തീയതി കോയമ്പത്തൂരിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് അപ്‌സര വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഷംഷാബാദിലെ നർഖോഡ ഗ്രാമത്തിൽ വച്ച് സായ്‌കൃഷ്ണയെ കണ്ടു. ഇവിടെ നിന്ന് പ്രതി യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ക്ഷേത്രത്തിന് പുറകിലേ മാൻഹോളിൽ കൊണ്ടുവന്ന് ഇടുകയായിരുന്നു. പൊലീസ് മാൻഹോളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |