SignIn
Kerala Kaumudi Online
Saturday, 27 July 2024 1.45 PM IST

പാലക്കാട്ടെ കോട്ട തിരിച്ചുപിടിക്കാൻ മന്ത്രിയും പി.ബി അംഗവും

ele

പാലക്കാട്: ഇടതുകോട്ടയിൽ വിള്ളൽവരുത്തി യു.ഡി.എഫ് കൈയടക്കിയ പാലക്കാട്, ആലത്തൂർ ലോക്‌സഭാ മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ സി.പി.എം പി.ബി അംഗം എ.വിജയരാഘവനെയും മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ കെ.രാധാകൃഷ്ണനെയും കളത്തിലിറക്കി ഇടതുമുന്നണി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീശിയടിച്ച രാഹുൽ ഫാക്ടറിലും പാലക്കാട്ടെ കോട്ട തകരില്ലെന്ന് വിചാരിച്ച ഇടതുമുന്നണിക്ക് തെറ്റി. കാൽ നൂറ്റാണ്ടോളം ഇടതിന്റെ ഉറച്ച കോട്ടയായ പാലക്കാട് കോൺഗ്രസിന്റെ വി.കെ.ശ്രീകണ്ഠനിലൂടെയാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. മൂന്ന് തിരഞ്ഞെടുപ്പിന്റെ ചരിത്രം മാത്രമുള്ള ആലത്തൂർ മണ്ഡലത്തിൽ പി.കെ.ബിജുവിന്റെ ഹാട്രിക് വിജയത്തിന് തടയിട്ടത് കോഴിക്കോട് നിന്നെത്തിയ കോൺഗ്രസിലെ രമ്യ ഹരിദാസാണ്.

പാലക്കാട്ട് വിജയരാഘവന് എതിരാളി സിറ്റിംഗ് എം.പി കോൺഗ്രസിലെ വി.കെ.ശ്രീകണ്ഠനാകാനാണ് സാദ്ധ്യത. കോൺഗ്രസിലെ സ്ഥാനാർത്ഥി ചർച്ചകളിൽ മറ്റൊരു പേരുപോലും ഉയർന്നുകേൾക്കുന്നില്ല. പ്രഖ്യാപനമായില്ലെങ്കിലും ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാറായിരിക്കും എൻ.ഡി.എ സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ ഉറപ്പാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് തന്നെ യു.ഡി.എഫിനായി ഇത്തവണയും കളത്തിലിറങ്ങും. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സിരിച്ച സീറ്റ് ഇത്തവണ ബി.ജെ.പി മത്സരിക്കുമെന്നാണ് സൂചന.

എ.വിജയരാഘവൻ

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം. മലപ്പുറത്തെ ആലമ്പാടൻ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1956 മാർച്ച് 23ന് ജനിച്ചു. കെ.എസ്‌.വൈ.എഫ് പ്രവർത്തകനായി തുടങ്ങി. എസ്.എഫ്‌.ഐ സംസ്ഥാന- അഖിലേന്ത്യാ പ്രസിഡന്റായി പ്രവർത്തിച്ചു. ഹൈദരാബാദിൽ ചേർന്ന 17–ാം പാർടി കോൺഗ്രസിലാണ് കേന്ദ്ര കമ്മിറ്റിയംഗമാകുന്നത്. 2022 കണ്ണൂർ പാർട്ടി കോൺഗ്രസിൽ പി.ബി അംഗം. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ അഖിലേന്ത്യ പ്രസിഡന്റ്.

1989ൽ പാലക്കാട് ലോക്സഭാ മണ്ഡലം കോൺഗ്രസിൽനിന്ന് പിടിച്ചെടുത്തത് വിജയരാഘവനാണ്. പിന്നീട് രണ്ടുവട്ടം രാജ്യസഭാംഗമായി. കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു. എൽ.ഡി.എഫ് കൺവീനറുമായിരുന്നു.
മലപ്പുറം ഗവ.കോളേജിൽ നിന്ന് ബിഎ ഇസ്ലാമിക് ഹിസ്റ്ററിയിൽ റാങ്കോടെ വിജയിച്ചു. കോഴിക്കോട് ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. പാർലമെന്റിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ടീ ബോർഡ്, മറൈൻ ഡെവലപ്‌മെന്റ്, പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, സയൻസ് ആൻഡ് ടെക്‌നോളജി തുടങ്ങിയ കമ്മിറ്റികളിൽ പ്രവർത്തിച്ചു. റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. സർവകലാശാല സിൻഡിക്കറ്റ് അംഗം, കലാമണ്ഡലം ഭരണസമിതി അംഗം, ഇ.എം.എസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, മലപ്പുറം ഇ.എം.എസ് പഠനഗവേഷണ കേന്ദ്രം ചെയർമാൻ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. മന്ത്രി ആർ.ബിന്ദുവാണ് ഭാര്യ. അഭിഭാഷകനായ ഹരികൃഷ്ണൻ മകൻ. മരുമകൾ: അശ്വതി. ഇപ്പോൾ തൃശൂരിൽ താമസം.

കെ.രാധാകൃഷ്ണൻ
നിലവിൽ മന്ത്രി, മുൻ സ്പീക്കർ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം. ജനിച്ചത് ഇടുക്കിയിലെ പുള്ളിക്കാനത്താണെങ്കിലും ചേലക്കര നിയമസഭാ മണ്ഡലമാണ് കെ.രാധാകൃഷ്ണന്റെ തട്ടകം. തൃശൂർ കേരളവർമ്മ കോളജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയത്തിൽ തുടക്കം. ആദ്യവിജയം ചേലക്കരയിൽ നിന്ന് നിയമസഭയിലേക്ക്. 1996ലെ കന്നിനേട്ടത്തിൽ തന്നെ നായനാർ മന്ത്രിസഭയിൽ മന്ത്രിയായി. സി.പി.എം ജില്ലാ സെക്രട്ടറി, പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ്, ദലിത് ശോഷൻ മുക്തി മഞ്ചിന്റെ ദേശീയ അദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. തിരഞ്ഞെടുപ്പുകളിൽ തോറ്റ ചരിത്രമില്ലാത്ത രാധാകൃഷ്ണനെ ആലത്തൂർ മണ്ഡലത്തിന്റെ കളത്തിലിറക്കുന്നത് സീറ്റ് തിരിച്ചുപിടിക്കാനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.