SignIn
Kerala Kaumudi Online
Sunday, 28 April 2024 10.01 PM IST

നിധി കിട്ടാൻ പതിനേഴുകാരിയായ ഭാര്യയെ അർദ്ധനഗ്നയാക്കി ബെഞ്ചിൽ കെട്ടിയിട്ടു, ശൂലം കൊണ്ട് കുത്തിക്കൊന്നു; ഉത്തരേന്ത്യയിലല്ല ഇത് നടന്നത് കേരളത്തിലാണ്

sacrificemurder

രാജ്യത്തെതന്നെ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരുള്ള സംസ്ഥാനമാണ് കേരളം. ജീവിതരീതിയിലും, സാമൂഹിക ചുറ്റുപാടിലും വസ്ത്രധാരണത്തിലുമൊക്കെ മാറ്റം വന്നു. സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തി. എന്നാൽ സമൂഹത്തിന്റെ ഏറ്റവും വലിയ വിപത്തായ അന്ധവിശ്വാസം തുടച്ചുമാറ്റാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇത് വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. അന്ധവിശ്വാസത്തിന്റെ പേരിൽ ജീവൻ നഷ്ടമായ ഒരാളോ രണ്ടാളോ മൂന്നാളോ അല്ല കേരളത്തിലുള്ളത്. കേരളത്തെ ഞെട്ടിച്ച അന്ധവിശ്വാസത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇടുക്കിയിലെ നരബലി

1981 ഡിസംബർ ഏഴിനായിരുന്നു കേരളത്തെ നടുക്കിയ സോഫിയ കൊലപാതകം നടന്നത്. മധുരപ്പതിനേഴിലാണ് ഇടുക്കി പനംകൂട്ടിയിൽ സോഫിയ കൊല്ലപ്പെട്ടത്. ഈറ്റവെട്ടി കൂട്ടയും മറ്റും നെയ്ത് ജീവിക്കുന്ന മോഹനനുമായുള്ള പ്രണയമാണ് എല്ലാത്തിനും പിന്നിൽ. ഇയാളെ ആദ്യഭാര്യ ഉപേക്ഷിച്ച് പോയതാണ്. സോഫിയയ്‌ക്കൊപ്പം ഇയാൾ താമസമാക്കി.

kerala

നരബലി നടത്തിയാൽ കോടിക്കണക്കിന് രൂപയുടെ നിധി കിട്ടുമെന്ന് മോഹനനെ ഒരു മന്ത്രവാദി വിശ്വസിപ്പിച്ചു.തുടർന്ന് ഇയാൾ, പിതാവ് കറുപ്പൻ, അമ്മ രാധ, മോഹനന്റെ സഹോദരന്മാരായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്‌കരൻ എന്നിവർ ചേർന്ന് സോഫിയയെ ബലികൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

സോഫിയയെ അർദ്ധനഗ്നയായി ബെഞ്ചിൽ കെട്ടിയിട്ടു. മോഹനന്റെ അനുജൻ മൂർച്ചയുള്ള ശൂലം കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് മുറിയിൽ കുഴിച്ചിട്ടു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. കേരളത്തിലെ തന്നെ ആദ്യ നരബലിയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.

നരബലിക്കിരയായ പതിനഞ്ചുകാരൻ

ഇടുക്കിയിൽ തന്നെയായിരുന്നു ഈ നരബലിയും നടന്നത്. 1983 ജൂൺ 29നായിരുന്നു സംഭവം. പിതാവും സഹോദരിയും അടക്കമുള്ളവർ ചേർന്നായിരുന്നു കൃത്യം നടത്തിയത്. സഹോദരിയുടെ പ്രേതബാധ അകറ്റാനായിട്ടാണെന്നും അതല്ല നിധിക്കുവേണ്ടിയാണ് കൃത്യം നടത്തിയതെന്നുമൊക്കെ പറയപ്പെടുന്നു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.

1995ലെ രാമക്കൽമേട് നരബലി

സ്‌കൂൾ വിദ്യാർത്ഥിനിയാണ് നരബലിക്കിരയായത്. പിതാവും രണ്ടാനമ്മയും കുട്ടിയെ മന്ത്രവാദികൾക്കുവിട്ടുകൊടുക്കുകയായിരുന്നു. കുട്ടിയുടെ ശരീരം മുഴുവൻ ചൂരൽകൊണ്ടും കല്ലുകൊണ്ടും ക്രൂരമായി മർദനമേറ്റിരുന്നു.

മന്ത്രവാദം ചോദ്യം ചെയ്തതിന് അരുംകൊലകൾ (2012)

മന്ത്രവാദം ചോദ്യം ചെയ്തതിനെ തുടർന്ന് പൂവാറിൽ ക്രിസ്തുദാസ്, ആന്റണി എന്നിവരെ കുത്തിക്കൊലപ്പെടുത്തി. ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ ജീവനൊടുക്കിയത് ദുർമന്ത്രവാദത്തെ തുടർന്നാണെന്ന് അറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ആറു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു.

sacrifice

മന്ത്രവാദത്തിനിടെ ചവിട്ടേറ്റ് മരണം

കരുനാഗപ്പള്ളി തഴവ സ്വദേശി ഹസീനയാണ് മന്ത്രവാദിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. മന്ത്രവാദി സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.2014 ജൂലായിലായിരുന്നു സംഭവം.

ഗർഭിണിയുടെ മരണം

മന്ത്രവാദം നടക്കുന്നതിനിടെയാണ് പൊന്നാനിയിൽ കാഞ്ഞിരമുക്ക് നിസാറിന്റെ അഞ്ചുമാസം ഗർഭിണിയായിരുന്ന ഭാര്യ ഹർസാന മരിച്ചത്. 2014 ഓഗസ്റ്റ് ഒൻപതിനായിരുന്നു സംഭവം.

ഇടുക്കിയിലെ നാലംഗ കുടുംബത്തിന്റെ മരണം


2018 ഓഗസ്റ്റ് മൂന്നിനാണ് ഇടുക്കി കമ്പകത്താനത്ത് നാലംഗ കുടുംബത്തിന്റെ മരണം സംഭവിച്ചത്. കാനാട്ടുവീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ അർജുൻ, ആർഷ എന്നിവരാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റും കുത്തിയുമായിരുന്നു കൊലപ്പെടുത്തിയത്.

murder

മോഷണശ്രമത്തിനിടയിലുള്ള കൊലപാതകമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആഭിചാരക്രിയകളുടെ ഭാഗമായിട്ടാണ് കൊലപാതകങ്ങളെന്ന് കണ്ടെത്തിയത്. കേസിൽ കൃഷ്ണന്റെ സഹായി പിടിയിലായിരുന്നു. കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയുണ്ടെന്നും വിശ്വസിച്ച് അത് അപഹരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകങ്ങൾ നടത്തിയത്.

തുഷാരയുടെ കൊലപാതകം

2019 മാർച്ചിലായിരുന്നു അരുംകൊല നടന്നത്. മന്ത്രവാദിയുടെ നിർദേശമനുസരിച്ച് കരുനാഗപ്പള്ളി സ്വദേശിനി തുഷാരയെ ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചുകൊലപ്പെടുത്തുകയായിരുന്നു. വിവാഹ സമയത്ത് യുവതി പൂർണ ആരോഗ്യവതിയായിരുന്നു. എന്നാൽ 20 കിലോ മാത്രമായിരുന്നു തൂക്കം. യുവതിയുടെ ശരീരത്തിൽ ബാധ കൂടിയെന്നും ഇതൊഴിപ്പിക്കാനെന്നും പറഞ്ഞായിരുന്നു പീഡനം. പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമായിരുന്നു തുഷാരയ്ക്ക് നൽകിയിരുന്നുള്ളൂ.

ഇലന്തൂർ നരബലി


കേരള മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസ് പുറംലോകമറിഞ്ഞിട്ട് വർഷം ഒന്നായതേയുള്ളൂ. ലോട്ടറി വിൽപ്പനക്കാരിയായ റോസ്ലി, തമിഴ്നാട് സ്വദേശിനി പത്മ എന്നിവരാണ് നരബലിക്കിരയായത്. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരെ മുഹമ്മദ് ഷാഫി എന്നയാൾ നരബലി നടത്തിയാൽ കുടുംബത്തിൽ ഐശ്വര്യമുണ്ടാകുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.

laila

മോഹനവാഗ്ദ്ധാനങ്ങളുമായിട്ടാണ് ഷാഫി റോസ്‌ലിയേയും പത്മയേയും സമീപിച്ചത്. തുടർന്ന് തന്ത്രപൂർവം ഇലന്തൂരിലെ ഭഗവത് സിംഗിന്റെ വീട്ടിലെത്തിച്ച് ബലി കൊടുക്കുകയായിരുന്നു.

2022 ജൂൺ എട്ട് മുതലാണ് റോസ്‌ലിയെ കാണാതാകുന്നത്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചുമൂടി. ശരീരഭാഗങ്ങൾ പാകം ചെയ്ത് കഴിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്ന് പ്രതികളും ഇപ്പോൾ അഴിക്കുള്ളിലാണ്.

rosli

കട്ടപ്പന ഇരട്ടക്കൊലപാതകം

ഇത് നരബലിയാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും അന്ധവിശ്വാസം മുതലെടുത്താണ് ഇരകളുടെ കുടുംബവുമായി പ്രതി നിതീഷ് സൗഹൃദത്തിലായത്. നെല്ലിപ്പള്ളിൽ വിജയൻ, അദ്ദേഹത്തിന്റെ പേരക്കുട്ടിയായ നവജാതശിശുവുമാണ് കൊല്ലപ്പെട്ടത്. ക്ഷീരകർഷനായ വിജയനും കട്ടപ്പനയിൽ അപ്പം ഉണ്ടാക്കി വിൽക്കുന്ന കടയിൽ ജോലിക്കു പോകുന്ന സുമയും രണ്ട് മക്കളുമടങ്ങുന്നതായിരുന്നു കുടുംബം. അത്യാവശ്യം കുഴപ്പമില്ലാത്ത സാമ്പത്തിക ചുറ്റുപാട്.

വിജയന്റെ മകൾക്ക്‌ കൈയ്ക്ക് വിറയലുണ്ട്. യുവതിക്ക് പ്രത്യേക കഴിവുണ്ടെന്നും മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിച്ചുപോകുമെന്നും പ്രതി നിതീഷ് കുടുംബത്തെ വിശ്വസിപ്പിച്ചു. തൊട്ടടുത്ത ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഇയാൾ. അതിനാൽത്തന്നെ കുടുംബം ഇയാളെ പെട്ടെന്ന് വിശ്വസിക്കുകയും, ബന്ധുക്കളെ അകറ്റുകയും ചെയ്തു.

നിതീഷിൽ നിന്ന് പെൺകുട്ടി ഗർഭിണി ആയതും കുഞ്ഞു ജനിച്ചതുമൊന്നും നാട്ടുകാർ പോലും അറിഞ്ഞില്ല.പിറന്ന് നാലാം ദിനം അതിനെ കൊലപ്പെടുത്തി. തുടർന്ന് വൻ തുകയ്ക്ക് വീടും സ്ഥലവും വിറ്റ്, കുടുംബം നാടുവിട്ടു. പല സ്ഥലങ്ങളിലെ വാടക വീടുകളിൽ താമസിച്ചു. ഇതിനിടയിൽ നിതീഷ് വിജയനെ കൊലപ്പെടുത്തി, പ്രതിയെ സഹായിച്ചതാകട്ടെ വിജയന്റെ മകൻ വിഷ്ണുവും. തുടർന്ന് മൃതദേഹം മുറിയിൽ കുഴിച്ചുമൂടി.

മൂന്നായി മടക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കാർഡ് ബോർഡ് പെട്ടിയിലാക്കി കുഴിയിൽ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. ആഭിചാരക്രിയകൾ നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതിനെ സാധൂകരിക്കുന്നതാണ് വീട്ടിലെ സാഹചര്യങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SACRIFICE MURDER, ILANTHUR, KERALA, IDUKKI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.