മലപ്പുറം: പാലക്കാട്ടേക്ക് പോയത് റോഡ് ഷോയിൽ പങ്കെടുക്കാനല്ലെന്നും പ്രധാനമന്ത്രിയെ കാണാനും മലപ്പുറത്തേക്ക് ക്ഷണിക്കാനുമാണെന്നും മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. എം. അബ്ദുസലാം പറഞ്ഞു. മോദിയുടെ പാലക്കാട്ടെ റോഡ് ഷോയിൽ ഇടം ലഭിക്കാത്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് ഷോയിൽ നിന്നും ഒഴിവാക്കിയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. മൂന്ന് പേർക്കാണ് വാഹനത്തിൽ കയറാൻ അനുമതി ഉണ്ടായിരുന്നത്. പൊന്നാനിയിലെ സ്ഥാനാർത്ഥി നിവേദിത താൻ സ്ഥാനാർത്ഥിയാണെന്ന് എസ്.പി.ജിയോട് പറഞ്ഞിരുന്നു. എന്നാൽ വാഹനത്തിൽ കയറേണ്ടവരുടെ ലിസ്റ്റിൽ തന്റെ പേരില്ലായിരുന്നു. അനുമതി ലഭിച്ചാലും കയറാനുള്ള സ്ഥലം വാഹനത്തിലുണ്ടായിരുന്നില്ല. മോദി വന്നാൽ മലപ്പുറവും മാറുമെന്നതിനാലാണ് അദ്ദേഹത്തെ ക്ഷണിച്ചത്.
വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്ന് ഒരു മതവിഭാഗം മാത്രം ആവശ്യപ്പെടുന്നത് ശരിയല്ല. ഉച്ചയ്ക്ക് പള്ളിയിൽ പോകുന്ന സമയത്തൊഴികെ വോട്ട് ചെയ്യാമല്ലോയെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |