SignIn
Kerala Kaumudi Online
Sunday, 16 June 2024 2.22 PM IST

25 വർഷങ്ങൾക്ക് ശേഷം ഇടവേള ബാബു ഒഴിയുന്നു, 'അമ്മ' സംഘടനയ്ക്കുള്ളിൽ വൻ മാറ്റങ്ങൾ; മോഹൻലാലും മാറും

amma

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് വൻ മാറ്റങ്ങൾക്ക് സാദ്ധ്യതയെന്ന് സൂചന. കഴിഞ്ഞ 25 വർഷത്തോളമായി അമ്മ സംഘടനയിൽ വിവിധ പദവികൾ നയിച്ച ഇടവേള ബാബു ഭാരവാഹിയാകാൻ ഇല്ലെന്ന നിലപാട് എടുത്തെന്നാണ് റിപ്പോർട്ട്. നിലവിൽ ജനറൽ സെക്രട്ടറിയാണ്. ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ മോഹൻലാലും സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ജൂൺ 30ന് ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. നിലവിൽ സംഘടനയിൽ 506 പേർക്കാണ് വോട്ടവകാശമുള്ളത്. ജൂൺ മൂന്ന് മുതൽ പത്രികകൾ സ്വീകരിച്ച് തുടങ്ങും. കാൽ നൂറ്റാണ്ടുകാലത്തോളം അമ്മയെ നയിച്ച ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകത.

താൻ ഇനി നേതൃസ്ഥാനത്ത് ഉണ്ടാകില്ലെന്ന് ഇടവേള ബാബുവും ഒരു മാദ്ധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാറ്റം അനിവാര്യമാണെന്നും ഞാൻ ആയിട്ട് മാറിയാലെ നടക്കൂ എന്നും അദ്ദേഹം പറഞ്ഞു. പുതിയ ആൾക്കാർ വരാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണയും ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകൾക്ക് മുന്നിൽ തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മർദ്ദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന് ഇടവേള ബാബു പറയുന്നു.

1994ൽ ആണ് അമ്മ സംഘടന രൂപീകരിച്ചത്. മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃസ്ഥാനം വഹിക്കുന്നുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു ഇടവേള ബാബുവിന്റെ തുടക്കം. മമ്മൂട്ടിയും മോഹൻലാലും ജനറൽ സെക്രട്ടറിയായതോടെ ബാബു അന്ന് സെക്രട്ടറിയായി. 2018 ആകുമ്പോഴേക്കും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തി.

2021ൽ ആണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മറ്റിയിലേക്കും അന്ന് മത്സരമുണ്ടായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ് ബാബുവും അട്ടിമറി ജയം നേടി. ഔദ്യോഗിക പാനലിൽ നിന്ന് മത്സരിച്ച മൂന്ന് പേരും പരാജയപ്പെട്ടു. നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവരാണ് തോറ്റത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആശാ ശരത്തും തോറ്റിരുന്നു.

സാധാരണഗതിയിൽ അമ്മയിൽ ഔദ്യോഗിക പാനലിനെ മറ്റ് അംഗങ്ങൾ അംഗീകരിക്കുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ തവണ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും മത്സരം നടന്നു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും, ട്രഷറായി സിദ്ദിഖിനും എതിരാളികളില്ലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHI, KERALA, LATEST NEWS IN MALAYALAM, NEWS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.