തിരുവനന്തപുരം: ഒരുപാട് മലയാളം സിനിമകളിൽ അഭിനയിക്കാൻ മോഹമുണ്ടെന്ന് വിജയ് സേതുപതി.
തന്റെ 50ാം ചിത്രമായ മഹാരാജയുടെ വിജയത്തിന്റെ ഭാഗമായി പ്രസ് ക്ളബിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം സിനിമകൾ വളരെ ഇഷ്ടമാണ്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയോടും മോഹൻലാലിനുമൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്. ഡേറ്റ് പ്രശ്നം കാരണമാണ് താമസിക്കുന്നത്. മലയാളത്തിൽ നിരവധി സംവിധായകരുടെ കഥകൾ കേൾക്കുന്നുണ്ട്. ഒരുപാട് മലയാള സിനിമയിൽ അഭിനയിച്ച് മലയാളത്തിൽ സംസാരിക്കാൻ വളരെ ആഗ്രഹമുണ്ട്. കേരളം മനോഹരമാണ് അതുപോലെ തന്നെ മലയാളികളും.
കലയ്ക്കും കലാകാരനും അതിരുകളില്ലെന്ന് വിശ്വസിക്കുന്നു. ടർബോ സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന് കേൾക്കുന്നു. കഥാപാത്രത്തിന്റെ ശബ്ദസാമ്യം കൊണ്ട് മമ്മൂട്ടി ക്ഷണിച്ചാൽ അഭിനയിക്കും. നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി സിനിമ വേറെ ലെവൽ ആണ്. എത്ര പറഞ്ഞാലും മതിയാവില്ല. അതിലെ ഓരോ സീനും എടുത്തു പറയേണ്ടതാണ്. അത്രയ്ക്ക് മനോഹരമായിട്ടാണ് ആ സിനിമ നിർമ്മിച്ചിരിക്കുന്നത്.
വില്ലനെന്നും ഹീറോയെന്നുമുള്ള വേർതിരിവ് അഭിനയരംഗത്ത് സ്വീകരിച്ചിട്ടില്ല. അഭിനയത്തിൽ ഒന്നും എളുപ്പമോ കഠിനമോ അല്ലെന്ന് വിജയ് സേതുപതി പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മഹാരാജയുടെ സംവിധായകൻ നിതിലൻ സ്വാമിനാഥൻ,നിർമ്മാതാവ് സുധൻ സുന്ദരം,കേരളത്തിലെ വിതരണക്കാരൻ ഹരി, പി.ആർ.ഒ പ്രതീഷ് ശേഖർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |