കൊച്ചി: കുപ്രസിദ്ധരായ 'ബാപ്പയും മക്കളും" സംഘത്തിലെ കോഴിക്കോട് ചക്കുംകടവ് സ്വദേശി ഫസലുദീന്റെ മകൻ ഫാസിൽ (23), കോഴിക്കോട് സ്വദേശികളായ മുഹമ്മദ് തൈഫ് (20), ഷാഹിദ് (20), ഗോകുൽ (21) എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു.
നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഫസലുദീനും മക്കളും അടങ്ങുന്ന സംഘം 'ബാപ്പയും മക്കളും" എന്നപേരിലാണ് അറിയപ്പെടുന്നത്. ഇതിലെ മകനും കൂട്ടാളികളുമാണ് ഇന്നലെ പിടിയിലായത്. എറണാകുളം പ്രോവിഡൻസ് റോഡിലെ ഒരു വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച സംഘം അടുത്തുള്ള മറ്റൊരു സ്ഥാപനത്തിൽനിന്ന് മൊബൈൽഫോണും വാച്ചും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. അറസ്റ്റിലായ തൈഫ് 14 മോഷണക്കേസുകളിലെ പ്രതിയാണ്. താമരശേരി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളിൽ തുടർച്ചായി ഭവനഭേദനം, ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ബൈക്ക് മോഷണം, സൂപ്പർമാർക്കറ്റുകളിൽ മോഷണം എന്നിവ നടത്തിയ ശേഷം ഇവർ ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടു. അവിടെനിന്ന് കൊച്ചിയിൽ എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. നിലവിൽ വിവിധ സ്റ്റേഷനുകളിലെ ആറ്മോഷണക്കേസുകളിൽ പ്രതികളായ ഇവർ പിടികൊടുക്കാതെ നടക്കുകയായിരുന്നു.
കൊയിലാണ്ടിയിൽ നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകൾ ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് പ്രതികൾ പൊലീസിന് സൂചന നൽകിയിട്ടുണ്ട്. താമരശേരിയിലെ മൈക്രോ ലാബിൽ നിന്ന് 68,000 രൂപയും നാലു മൊബൈൽ ഫോണുകളും പ്രതികൾ മോഷ്ടിച്ചിരുന്നു. ഇതിൽ ഒരു മൊബൈൽ ഫോൺ ഇന്നലെ കണ്ടെടുത്തു. സെൻട്രിയൽ ബസാറിൽ നിന്ന് ഒന്നര ലക്ഷം രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചതും കൊയിലാണ്ടി സ്‌റ്റേഷൻ പരിധിയിൽ നിന്ന് ഒരു ബുള്ളറ്റും സ്‌കൂട്ടറും മോഷ്ടിച്ചതും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ബംഗളൂരുവിൽ മോഷണം നടത്തിയ ശേഷമാണ് കൊച്ചിയിൽ എത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെൻട്രൽ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സി. അനൂപ്, ഷാഹിന എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |