തമിഴിൽനിന്ന് വിക്രമിന്റെ തങ്കലാൻ
ഓണച്ചിത്രങ്ങൾ എത്തും മുൻപേ പ്രദർശനശാലകളെ സമ്പന്നമാക്കാൻ ആഗസ്റ്റ് റിലീസുകൾ ഒരുങ്ങി. മഞ്ജു വാര്യരും മീര ജാസ്‌മിനും ഭാവനയും ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വിനീത് ശ്രീനിവാസനും ഇന്ദ്രജിത്തും ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും അനശ്വര രാജനും പ്രേക്ഷകരുടെ മുൻപിലേക്ക്. തമിഴിൽനിന്ന് വിക്രത്തിന്റെ തങ്കലാൻ ആണ് മേജർ റിലീസ്. മഞ്ജു വാര്യർ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്ന എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് " ആഗസ്റ്റ് 2ന്പ്രദർശനത്തിന്.
വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് മറ്റ് താരങ്ങൾ.കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ ചിത്രസംയോജകനായ സൈജു ശ്രീധരന്റെആദ്യ സംവിധാന സംരംഭം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്.മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നീ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.വ്യത്യസ്ത ഗെറ്റപ്പിൽ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും എത്തുന്ന അഡിയോസ് അമിഗോ 2ന് തിയേറ്ററിൽ. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം.
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി 2ന് റിലീസ് ചെയ്യും. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്തിനി വൻതാരനിരയിലാണ്. കഥ കെ .വി അനിൽ. ഈസ്റ്റ് കോസ്റ്റ് വിജയനും, കെ .വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും.
മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ പൂർണമായും ഹൊറർ ക്രൈം ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൽ ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അദിതി രവി, അജ്മൽ അമീർ ,രാഹുൽ മാധവ്, അനുമോഹൻ, ഡെയ്ൻ ഡേവിഡ്, ചന്തുനാഥ്, രൺജി പണിക്കർ, വിജയകുമാർ, നന്ദു,പത്മരാജ് രതീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന നിഖിൽ ആനന്ദ്.9ന് റിലീസ് ചെയ്യും.
വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഷൈൻ ടോം ചാക്കോ , ദീപ്തി സതി,ചിന്നു ചാന്ദ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ 9ന് തിയേറ്രറിൽ.
ഹ്യൂമർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് റാഫി തിരക്കഥ എഴുതുന്നു.
വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു.വി. മത്തായി ആണ് നിർമ്മാണം. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകം 9ന് റിലീസ് ചെയ്യും. മണിക്കുട്ടി എന്ന പേരുള്ള പശുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രചന സുനീഷ് വാരനാട്.വിക്രം നായകനായി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ 15ന് ലോക വ്യാപകമായി റിലീസ് ചെയ്യും. വിക്രത്തിന്റെ പ്രകടനം തന്നെയാകും ചിത്രത്തിന് കരുത്താകുക. പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് നായികമാർ.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി 15ന് . ഗ്രേസ് ആന്റണിയാണ് നായിക. ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, എന്നിവരാണ് മറ്റു താരങ്ങൾ.ട്വൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ. ആർ. കൃഷ്ണകുമാർ ആണ് രചന. സരിഗമയാണ് നിർമ്മാണം.
വിപിൻ ദാസും കൂട്ടരും പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന വാഴ - ബയോപിക് ഒഫ് എ ബില്ല്യൺ ബോയ്സ് 15ന് റിലീസ് ചെയ്യും.
ഗൗതമന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു സണ്ണിയോടൊപ്പം സോഷ്യൽ മീഡിയയിലെ ഹിറ്റ് താരങ്ങളായ സാഫ് ബോയ്, ജോയ്മോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
.ബി.ടി. എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ നിർമ്മിക്കുന്നു.
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്‌നർ ഒരു ജാതി ജാതകം 23ന് റിലീസ് ചെയ്യും. എം. മോഹനൻ ആണ് സംവിധാനം. ബാബു ആന്റണി പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നു.നിഖില വിമൽ, കയാദു ലോഹർ, ഗായിക സയനോര ഫിലിപ്പ്, ഇന്ദു തമ്പി, ഹരിത, രജിത മധു എന്നിവരാണ് മറ്റ് താരങ്ങൾ.
മീര ജാസ് മിൻ, അശ്വിൻ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പാലുംപഴവും 23ന് എത്തുന്നു.
കുടുംബ പശ്ചാത്തലത്തിൽ നർമ്മ മനോഹരമായ കഥ പറയുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു , മിഥുൻ രമേശ്, ആദിൽ ഇബ്രാഹിം രാജസേനൻ,രചന നാരായണൻ കുട്ടി ,നിഷ സാരംഗ്, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര , ഷമീർ ഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട് ,അതുൽറാം കുമാർ, പ്രണവ് യേശുദാസ്,ആർ.ജെ. സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആഷിഷ് രജനി ഉണ്ണിക്കൃഷ്ണനാണ് തിരക്കഥ.ഇന്ദ്രജിത്തും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ആന്റ് മിസസ് ബാച്ച്ലർ 23ന് തിയേറ്രറുകളിൽ.ബൈജു സന്തോഷ്, ബിജു പപ്പൻ,സീമ ,ലയ സിംസൺ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു .തിരക്കഥ - അർജുൻ.ടി.സത്യൻ
ഹൈലൈൻ പിക് ചേഴ് സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |