നികുതി വർദ്ധനയിൽ നിക്ഷേപകർക്ക് ആശങ്ക
കൊച്ചി: ഹ്രസ്വകാല, ദീർഘകാല നേട്ടങ്ങൾക്കുള്ള നികുതി വർദ്ധിപ്പിച്ചതോടെ ബഡ്ജറ്റിന് ശേഷം നേരിട്ട വൻ തകർച്ച മറികടന്ന് ഇന്ത്യൻ ഓഹരി വിപണി നേരിയ നഷ്‌ടത്താേടെ വ്യാപാരം അവസാനിപ്പിച്ചു. ബഡ്ജറ്റിൽ പുതിയ നികുതി നിർദേശങ്ങൾ വന്നതോടെ ഓഹരി സൂചികകൾ ഒന്നര ശതമാനത്തിനടുത്താണ് ഇടിവ് നേരിട്ടത്. എന്നാൽ പിന്നീട് വാങ്ങൽ താത്പര്യം മെച്ചപ്പെട്ടതോടെ സെൻസെക്സും നിഫ്റ്റിയും ശക്തമായി തിരിച്ചുകയറി. വ്യാപാരാന്ത്യത്തിൽ സെൻസെക്‌സ് 73 പോയിന്റ് നഷ്‌ടവുമായി 80,429ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 30 പോയിന്റ് കുറഞ്ഞ് 24,479ൽ വ്യാപാരം അവസാനിപ്പിച്ചു. ഡെറിവേറ്റീവ് മേഖലയിലെ സെക്യൂരിറ്റി ട്രാൻസാക്ഷൻ നികുതിയാണ് പ്രധാനമായും വിപണിക്ക് തിരിച്ചടി സൃഷ്ടിച്ചത്. വിപണിയിൽ ഊഹക്കച്ചവടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നികുതി നിർദേശം. പൊതുമേഖല കമ്പനികളിലും ചെറുകിട, ഇടത്തരം കമ്പനികളിലുമാണ് കനത്ത വില്പന സമ്മർദ്ദം ദൃശ്യമായത്.
അതേസമയം കേന്ദ്ര സർക്കാരിന്റെ ധനകമ്മി നടപ്പുസാമ്പത്തിക വർഷത്തിൽ 4.9 ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനം വിപണി തിരിച്ചുകയറാൻ സാഹചര്യമൊരുക്കി. ഇടക്കാല ബഡ്ജറ്റിൽ ധനകമ്മി 5.1 ശതമാനമാണ് ലക്ഷ്യമിട്ടിരുന്നത്.
രൂപ റെക്കാഡ് താഴ്ചയിൽ
ഹ്രസ്വ, ദീർഘകാല നിക്ഷേപ നേട്ടങ്ങളിൽ നിന്ന് അധിക നികുതി ഈടാക്കാനുള്ള ബഡ്‌ജറ്റ് നിർദേശത്തിന് പിന്നാലെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.69ൽ വ്യാപാരം പൂർത്തിയാക്കി. ഒരവസരത്തിൽ രൂപയുടെ മൂല്യം 83.71 വരെ ഇടിഞ്ഞിരുന്നു. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾ വഴി നടത്തിയ ഇടപെടലുകളാണ് ഒരു പരിധി വരെ രൂപയുടെ മൂല്യയിടിവ് പിടിച്ചുനിറുത്തിയത്.
ധനകമ്മിയിലെ കുറവ് വളർച്ചയ്ക്ക് ആവേശമാകും
കൂട്ടുകക്ഷി സർക്കാരിന്റെ പരിമിതികൾ മറികടന്നും കേന്ദ്ര സർക്കാരിന്റെ ധനകമ്മി 4.9 ശതമാനത്തിലേക്ക് കുറയ്ക്കാനുള്ള ധനമന്ത്രി നിർമ്മല സീതാരാമന്റെ നിർബന്ധ ബുദ്ധി നിക്ഷേപകർക്ക് ആശ്വാസമായി. ഇടക്കാല ബഡ്ജറ്റിൽ ധനകമ്മി 5.1 ശതമാനമാകുമെന്നാണ് വിലയിരുത്തിയിരുന്നത്. റിസർവ് ബാങ്കിൽ നിന്നും ലാഭവിഹിതമായി 2.1 ലക്ഷം കോടി രൂപ ലഭിച്ചതാണ് സർക്കാരിന് അനുഗ്രഹമായത്.
എയ്ഞ്ചൽ നികുതി ഇളവ് സ്റ്റാർട്ടപ്പുകൾക്ക് അനുഗ്രഹം
സ്‌റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നവർക്ക് മേൽ ചുമത്തിയിരുന്ന എയ്‌ഞ്ചൽ നികുതി ഒഴിവാക്കാനുള്ള തീരുമാനം പുതുതലമുറ സംരംഭങ്ങൾക്ക് അനുഗ്രഹമാകും. സംരംഭകത്വം വളർത്താനും നവീന സാങ്കേതികവിദ്യകളുടെ വികസനത്തിനും എയ്ഞ്ചൽ നികുതി ഇളവ് സഹായകമാകും.
വിട്ടുവീഴ്ചകളുടെ തുടക്കമെന്ന് വിദഗ്ദ്ധർ
നടപ്പുവർഷത്തെ ബഡ്‌ജറ്റിൽ ബീഹാറിനും ആന്ധ്രപ്രദേശിനും അധിക സൗജന്യങ്ങൾ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ സാമ്പത്തിക മേഖലയിലും വിട്ടുവീഴ്ചകൾക്ക് തയ്യാറുകുന്നതിന്റെ സൂചനയാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. കൂട്ടുകക്ഷി ഭരണത്തിന്റെ പരാധീനതകൾ ഇത്തവണ ബഡ്‌ജറ്റിൽ ദ്യശ്യമാണെന്ന് ധനകാര്യ വിദഗ്ദ്ധനായ ബിനോയ് തോമസ് പറയുന്നു. എങ്കിലും പരിമിതികൾക്കുള്ളിലും ധനകമ്മി കുറച്ച് വളർച്ചയുടെ വേഗത നിലനിറുത്താൻ ശ്രമങ്ങൾ ദൃശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |