ദാംബുള്ള : വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നേപ്പാളിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും ഉഗ്രൻ വിജയം നേടി ഇന്ത്യ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തി. 82 റൺസിനാണ് ഇന്ത്യൻ വനിതകൾ നേപ്പാളിനെ കീഴടക്കിയത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെയും രണ്ടാം മത്സരത്തിൽ യു.എ.ഇയേയും ഇന്ത്യ തോൽപ്പിച്ചിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 178 റൺസ് നേടി.മറുപടിക്കിറങ്ങിയ നേപ്പാൾ 20ഓവറിൽ 96/9 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു.
48 പന്തുകളിൽ 12 ഫോറുകളും ഒരു സിക്സുമടക്കം 81 റൺസ് നേടിയ ഷഫാലി വെർമ്മ,42 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സുമടക്കം 47 റൺസ് നേടിയ ഡി.ഹേമലത , 15 പന്തുകളിൽ 28 റൺസ് നേടിയ ജമീമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഹർമൻപ്രീത് കൗറിന് പകരം സ്മതി മാൻഥനയാണ് ഇന്ത്യയെ നയിച്ചത്. മലയാളി താരം സജന സജീവന് പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചെങ്കിലും 12 പന്തുകളിൽ 10 റൺസ് എടുത്ത് പുറത്തായി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അരുന്ധതി ശർമ്മ,രാധാ യാദവ് എന്നിവരാണ് ബൗളിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |