ന്യൂഡൽഹി:രാജ്യം വിട്ട ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് അഭയം നൽകുന്നതിൽ ബ്രിട്ടന്റെ അനുമതി വൈകുന്നതിനാൽ ഇന്ത്യയിൽ തുടരും. പൗരൻമാർക്കും ഹൈക്കമ്മീഷൻ അടക്കം സ്ഥാപനങ്ങൾക്കും സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യ ബംഗ്ളാദേശിനെ അറിയിച്ചു. തിങ്കളാഴ്‌ച ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലെ ഹിൻഡൻ വ്യോമത്താവളത്തിൽ ഇറങ്ങിയ ഹസീന ഇന്ത്യൻ സേനയുടെ കേന്ദ്രത്തിലാണെന്നാണ് സൂചന. തിങ്കളാഴ്‌ച ലണ്ടനിലേക്ക് പോകാനിരുന്നതാണ്. അനുമതി ലഭിച്ചില്ല. യു.കെ സഹായിച്ചില്ലെങ്കിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളെ സമീപിക്കും. അതുവരെ ഇന്ത്യയിൽ തുടരും.
1975ലേതു പോലെ ഹസീനയ്‌ക്ക് അഭയം നൽകി പുതിയ ബംഗ്ലാദേശ് സർക്കാരിന്റെ അപ്രീതി ഇന്ത്യ ആഗ്രഹിക്കുന്നില്ല. മാതാവ് രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്നും ബംഗ്ളാദേശിലേക്ക് തിരികെയില്ലെന്നും മകനും അവാമി ലീഗ് നേതാവുമായ സജീബ് വാജദ് ജോയ് അറിയിച്ചിട്ടുണ്ട്. ഹസീനയുടെ മകൾ സൈമ വാജെദ് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്‌ടറായി ഡൽഹിയിലുണ്ട്.
ഹസീനയെ കൊണ്ടുവന്ന ബംഗ്ളാദേശ് വിമാനം ഇന്നലെ രാവിലെ മടങ്ങിപ്പോയി. വിമാനത്തിൽ ഹസീനയുമുണ്ടെന്ന് വാർത്ത പരന്നെങ്കിലും അവർ ഇന്ത്യയിലുണ്ടെന്ന് രാവിലെ സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഹസീനയ്‌ക്ക് എല്ലാ സഹായവും ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഭാവി തീരുമാനിക്കും വരെ ഇന്ത്യയിൽ തങ്ങാൻ അനുവദിക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സൈന്യവുമായി ബന്ധപ്പെടുന്നുണ്ടെന്നും ജയശങ്കർ അറിയിച്ചു. 19,000 ഇന്ത്യൻ പൗരൻമാരിൽ 9000 വിദ്യാർത്ഥികളാണ്. നല്ലൊരു ഭാഗവും തിരിച്ചെത്തി. ധാക്കയിലെ ഹൈക്കമ്മീഷനും ചിറ്റഗോംഗ്, രാജ്ഷാഹി, ഖുൽന, സിൽഹെറ്റ് ഉപ ഹൈക്കമ്മീഷനുകൾക്കും ഇടക്കാല സർക്കാർ സംരക്ഷണം നൽകുമെന്നാണ് പ്രതീക്ഷ.
ബംഗ്ലാദേശിൽ നിന്നുള്ള ഗുരുതര രോഗികളെ പശ്‌ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള പെട്രാപോൾ അതിർത്തി വഴി ഇന്ത്യയിലേക്ക് മാറ്റുന്നു. സ്ഥിതി നിരീക്ഷിക്കാൻ ബി.എസ്.എഫ് മേധാവി ദൽജിത് സിംഗ് ചൗധരി പെട്രാപോളിൽ. ബിഹാർ അതിർത്തിയിലും ജാഗ്രത.
സുരക്ഷയൊരുക്കി റാഫേൽ
ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത് റാഫേൽ വിമാനങ്ങളുടെ അകമ്പടിയോടെ. ഉച്ചകഴിഞ്ഞ് 3 മണിയോടെ, ഇന്ത്യൻ വ്യോമസേനാ റഡാറുകൾ, ഹസീന കയറിയ ബംഗ്ലാദേശ് വിമാനത്തെ നിരീക്ഷിച്ചു. പശ്ചിമ ബംഗാളിലെ ഹഷിമാര എയർ ബേസിലെ 101 സ്ക്വാഡ്രണിലെ രണ്ട് റാഫേൽ യുദ്ധവിമാനങ്ങളെ ബീഹാറിലും ജാർഖണ്ഡിലുമാണ് വിന്യസിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |