ന്യൂഡൽഹി: ആഗസ്റ്റ് നാലിന് ശേഷം പ്രക്ഷോഭം കത്തിപ്പടരുകയും സൈന്യം രാജി ആവശ്യപ്പെടുകയും ചെയ്‌തോടെ കാര്യങ്ങൾ കൈവിട്ടെന്ന് ബോദ്ധ്യപ്പെട്ട ഷെയ്‌ഖ് ഹസീന ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ നടത്തിയ പ്രസ്‌താവനയിൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ജയശങ്കറിന്റെ പ്രസ്‌താവന:
ജനുവരിയിലെ തിരഞ്ഞെടുപ്പ് മുതൽ, ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ പിരിമുറുക്കങ്ങളും ഭിന്നതകളും ധ്രുവീകരണവും ഉണ്ടായി. ജൂണിൽ വിദ്യാർത്ഥി പ്രക്ഷോഭത്തോടെ അത് വഷളായി. സംയമനം പാലിക്കാനും സംഭാഷണത്തിലൂടെ പരിഹാരം കാണാനും ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു.
ആഗസ്റ്റ് നാലിന് പ്രക്ഷോഭം കത്തിപ്പടർന്നു. രാജിവയ്‌ക്കാൻ തീരുമാനിച്ചയുടൻ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് വരാൻ അനുമതി തേടി. പിന്നീട് ഹസീനയുടെ വിമാനത്തിന് അതിർത്തി കടക്കാനുള്ള അഭ്യർത്ഥനയും വന്നു.
ബംഗ്ലാദേശിലെ സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണ്. ന്യൂനപക്ഷങ്ങളും അവരുടെ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും അക്രമിക്കപ്പെട്ടത് ആശങ്കാ ജനകമാണ്. സുരക്ഷ ഉറപ്പാക്കാൻ വിവിധ ഗ്രൂപ്പുകളും സംഘടനകളും ശ്രമിക്കുന്നുണ്ട്. അക്രമത്തിന്റെ വ്യാപ്‌തി വ്യക്തമല്ല. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതുവരെ ആശങ്ക തുടരും. അതീവ ജാഗ്രത പുലർത്താൻ അതിർത്തി സേനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ബംഗ്ളാദേശിലെ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഹൈക്കമ്മീഷൻ വഴി ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടുന്നുണ്ട്. 19,000 ഇന്ത്യൻ പൗരന്മാരിൽ 9,000 പേർ വിദ്യാർത്ഥികളാണ്. ഹൈക്കമ്മീഷൻ നിർദ്ദേശ പ്രകാരം ഭൂരിഭാഗം വിദ്യാർത്ഥികളും ജൂലായിൽ ഇന്ത്യയിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |