കൊച്ചി: ആഗോള മേഖലയിലെ അനുകൂല വാർത്തകളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി തിരിച്ചുകയറി. മുഖ്യ സൂചികയായ സെൻസെക്‌സ് 874.94 പോയിന്റ് നേട്ടത്താേടെ 79,468ലും നിഫ്‌റ്റി 304.96 പോയിന്റ് വർദ്ധിച്ച് 24,297.5ലും അവസാനിച്ചു. മൂന്ന് ദിവസത്തെ തകർച്ചയ്ക്ക് ശേഷമാണ് ഓഹരികൾ നേട്ടമുണ്ടാക്കുന്നത്. കോൾ ഇന്ത്യ, അദാനി പോർട്ട്സ്, പവർ ഗ്രിഡ്, സിപ്ള, വിപ്രോ എന്നിവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് ഇന്ന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയത്തിൽ പലിശ കുറയ്ക്കുന്ന നടപടികളെ കുറിച്ച് സൂചനയുണ്ടാകുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. ഇത്തവണയും മുഖ്യ പലിശ നിരക്ക് 6.5 ശതമാനമായി നിലനിറുത്തുമെങ്കിലും നയ സമീപനത്തിൽ മാറ്റമുണ്ടായേക്കും. അമേരിക്കയിലെ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ സെപ്തംബർ മുതൽ പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.
പലിശ വീണ്ടും കൂട്ടില്ലെന്ന് ബാങ്ക് ഒഫ് ജപ്പാൻ
വിപണിയെ അസ്ഥിരമാക്കി വീണ്ടും പലിശ കൂട്ടില്ലെന്ന് ബാങ്ക് ഒഫ് ജപ്പാന്റെ ഡെപ്യൂട്ടി ഗവർണർ ഷിനിച്ചി ഉച്ചെഡ വ്യക്തമാക്കിയതാണ് ആഗോള വിപണികൾക്ക് ഇന്നലെ ആശ്വാസമായത്. ഇതോടെ ഡോളറിനെതിരെ യെൻ ദുർബലമായി. കഴിഞ്ഞ വാരം ബാങ്ക് ഒഫ് ജപ്പാൻ പലിശ നിരക്കിൽ കാൽ ശതമാനം വർദ്ധന വരുത്തിയതോടെ ആഗോള വിപണികൾ കനത്ത തിരിച്ചടി നേരിട്ടിരുന്നു.
റിസർവ് ബാങ്ക് ധന അവലോകനം ഇന്ന്
മൂന്ന് ദിവസത്തെ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്കിന്റെ ധന നയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കിൽ ഇത്തവണയും മാറ്റമുണ്ടാകില്ല. റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. എന്നാൽ നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിന് മുകളിലെത്തിയതിനാൽ വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികളുണ്ടായേക്കും. ക്രെഡിറ്റ് കാർഡ്, വ്യക്തിഗത വായ്പകളിലുണ്ടാകുന്ന അസാധാരണ വളർച്ച റിസർവ് ബാങ്ക് ആശങ്കയോടെയാണ് കാണുന്നത്.
കാലക്കേട് ഒഴിയാതെ രൂപ
ജാപ്പനീസ് യെന്നിലുള്ള ക്യാരി ട്രേഡുകൾ ഒഴിവായതും എണ്ണക്കമ്പനികളുടെ ഡോളർ ആവശ്യം കൂടിയതും രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിലെത്തിച്ചു. ഇന്നലെ ഡോളറിനെതിരെ ഒരവസരത്തിൽ 83.97 വരെ താഴ്ന്ന രൂപ 83.95ൽ വ്യാപാരം പൂർത്തിയാക്കി. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. കഴിഞ്ഞ നാല് ദിവസങ്ങളിലും രൂപയുടെ മൂല്യം റെക്കാഡുകൾ പുതുക്കി താഴേക്ക് നീങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |