ഇത്തവണ ഗുസ്തിയിൽ നിന്ന് ഇന്ത്യയുടെ ആദ്യ മെഡൽ
പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡൽ ഉറപ്പിച്ച് പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം സ്വന്തമാക്കി അമൻ ഷെറാവത്ത്.
വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പ്യൂർട്ടോ റിക്കോയുടെ ഡാരിയാൻ ടോയി ക്രൂസിനെ 13-5ന് മലർത്തിയടിച്ചാണ് 21കാരനായ അമൻ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. പാരീസിലെ ചാംപ് ഡെ മാർസ് അരീനയിൽ തുടക്കത്തിൽ ക്രൂസ് മികവ് കാട്ടിയെങ്കിലും പിന്നീട് അമൻ സമ്പൂർണ ആധിപത്യം നേടുകയായിരുന്നു. മത്സരത്തിൽ ആദ്യ പോയിന്റ് നേടിയത് ക്രൂസായിരുന്നു. തിരിച്ചടിച്ച അമൻ 2-1ന് മുന്നിലെത്തി.ഫസ്റ്റ് പീരീഡ് അവസാനിക്കുമ്പോൾ അമൻ 6-3ന് മുന്നിലായിരുന്നു.
സെക്കൻഡ് പീരീഡിന്റെ തുടക്കത്തിൽ രണ്ട് പോയിന്റുകൾ നേടി ക്രൂസ് 5-6ന് അമന് തൊട്ടു പിന്നിലെത്തി. എന്നാൽ പിന്നീട് ഒരു പോയിന്റുപോലും എതിരാളിക്ക് നൽകാതെ ഗംഭീര പ്രകടനം പുറത്തെടുത്ത അമൻ 13- 5ന് മത്സരവും വെങ്കലമെഡലും ഉറപ്പിക്കുകയായിരുന്നു. മത്സരത്തിനിടെ മൂക്കിന് പരിക്ക് പറ്റി ചോരയൊലിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു അമന്റെ പോരാട്ടം.
നേരത്തേ ആദ്യ മത്സരത്തിൽ മാസിഡോണിയയുടെ വ്ളാദിമിർ ഇഗോറോവിനെ 10-0ത്തിന് തോൽപ്പിച്ചാണ് അമൻ ക്വാർട്ടറിലേക്ക് കടന്നത്. ക്വാർട്ടറിൽ മുൻ ലോക ചാമ്പ്യൻ അൽബേനിയയുട സലിംഖാൻ അബാക്കറോവിനെ 12-0ത്തിന് തകർത്ത് സെമിയിലേക്ക് കടന്നു. സെമിയിൽ . ജപ്പാന്റെ ഹിഗുച്ചി റേയ്‌യോട് അമാൻ 10-0ത്തിന് തോൽക്കുകയായിരുന്നു.
ഹരിയാനക്കാരനായ അമൻ കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും വെങ്കലം നേടിയിരുന്നു.
6
ഈ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാമത്തെ മെഡലാണ് അമൻ നേടിയത്. അഞ്ചാമത്തെ വെങ്കലവും.
21
വയസാണ് അമൻ ഷെറാവത്തിന്.
2008
ന് ശേഷം എല്ലാ ഒളിമ്പിക്സുകളിലും ഇന്ത്യ ഗുസ്തിയിൽ മെഡലുകൾ നേടിയിട്ടുണ്ട്.
ആണൊരുത്തൻ
പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഗുസ്തി ടീമിലെ ഏക പുരുഷ മത്സരാർത്ഥിയാണ് അമൻ. വനിതകൾക്ക് ലർക്കും ഇതുവരെ മെഡൽ നേടാൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |