ന്യൂഡൽഹി: ഇന്ത്യയെക്കുറിച്ച് വലിയ വിവരങ്ങൾ പുറത്തുവിടുമെന്ന് അറിയിച്ച് യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ്. 'ഹിൻഡൻബർഗ് റിസർച്ച്' എന്ന ഇവരുടെ ഔദ്യോഗിക എക്സ് പേജിലെ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യയെക്കുറിച്ചുള്ള വലിയ ഒരു വിവരം പുറത്തുവരും' എന്നായിരുന്നു പോസ്റ്റിൽ കുറിച്ചത്. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പിന്നാലെ പോസ്റ്റ് വെെറലായി. ഇതിനോടകം ഏകദേശം രണ്ട് മില്യൺ പേരാണ് പോസ്റ്റ് കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്.
Something big soon India
— Hindenburg Research (@HindenburgRes) August 10, 2024
2023 ജനുവരിയിൽ അദാനി കമ്പനിക്കെതിരായ വിവരങ്ങൾ ഹിൻഡർബർഗ് പുറത്തുവിട്ടിരുന്നു. ഇത് അന്ന് വലിയ രീതിയിൽ വിവാദമായി. ഓഹരിമൂല്യത്തിൽ അദാനി കൃത്രിമം കാണിച്ചെന്നായിരുന്നു ഹിൻഡർബർഗ് വെളിപ്പെടുത്തൽ. കൃത്രിമ നടപടികളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാണിച്ചുവെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ വൻ ഇടിവുണ്ടായിരുന്നു.
Our response to Adani: pic.twitter.com/6NcFKR8gEL
— Hindenburg Research (@HindenburgRes) January 26, 2023
അന്ന് പാർലമെന്റിലും ഇക്കാര്യം ചർച്ചയായതാണ്. അദാനി വിഷയത്തിൽ ജെ പി സി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം കഴിഞ്ഞ പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തെ കൂടുതൽ പ്രക്ഷുബ്‌ധമാക്കിയിരുന്നു.
സർക്കാരിനെ ആക്രമിക്കാൻ ഏതെങ്കിലും വ്യവസായികളെ ഇരയാക്കുന്നത് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ പതിവാണെന്നും മുൻപ് ടാറ്റയ്ക്കും ബിർളയ്‌ക്കും സമാന അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അന്നത്തെ പ്രതിപക്ഷ കക്ഷിയായ എൻ സി പിയുടെ അദ്ധ്യക്ഷൻ ശരത് പവാർ പറഞ്ഞിരുന്നു. വൻ കോളിളക്കമാണ് അന്ന് ആ റിപ്പോർട്ട് ഉണ്ടാക്കിയത്.
നാഥൻ ആൻഡേഴ്സൺ (38) എന്ന അമേരിക്കക്കാരൻ 2017ലാണ് ഹിൻഡൻബർഗ് റിസർച്ചിന് തുടക്കമിട്ടത്. ഓഹരി, കടപ്പത്രം തുടങ്ങിയവയിലെ തട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടുവരികയാണ് പ്രധാനലക്ഷ്യം. 1937ലെ ഹിൻഡൻബർഗ് വിമാനദുരന്തത്തിൽ നിന്ന് കടമെടുത്താണ് ആൻഡേഴ്സൺ കമ്പനിക്ക് ഹിൻഡൻബർഗ് റിസർച്ച് എന്ന് പേരിട്ടത്. ഹിൻഡൻബർഗ് വിമാനദുരന്തം മനുഷ്യനിർമ്മിതമായിരുന്നു എന്ന വാദമുണ്ട്. 'ഓഹരികളിലെ മനുഷ്യനിർമ്മിത ദുരന്തങ്ങൾ' പുറത്തുകൊണ്ടുവരികയാണ് ഹിൻഡൻബർഗിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |