വിനേഷ് ഫോഗട്ടിന് സംഭവിച്ചതുപോലത്തെ ഭാരക്കൂടുതൽ വെങ്കല മെഡൽ മത്സരത്തിന് മുമ്പായി അമൻ ഷെറാവത്തിനും ഉണ്ടായെങ്കിലും തലനാരിഴയ്ക്ക് താരം രക്ഷപ്പെട്ടു. 57 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന അമന്റെ ഭാരം സെമി ഫൈനലൽ മത്സരം കഴിഞ്ഞപ്പോൾ62 കിലോയായി ഉയർന്നു. 5 കി.ഗ്രാം കൂടുതൽ. തുടർന്ന് ഇന്ത്യൻ ഗുസ്തി സംഘത്തിനൊപ്പമുള്ള ജാഗ്മാന്ദർ സിംഗ്, വീരേന്ദർ ദഹിയ എന്നിവരുടെ നേതൃത്വത്തിൽ കഠിന പ്രയത്നം നടത്തിയാണ് അമൻ ഭാരം കുറച്ച് മത്സരത്തിനിറങ്ങിയത്.
ഒന്നര മണിക്കൂർ നീണ്ട ‘മാറ്റ് സെഷനോ’ടെയാണ് ഭാരം കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. ഇരു പരിശീലകരും അമനുമായി നിരന്തരം ഗുസ്തി നടത്തി. പിന്നാലെ ഒരു മണിക്കൂർ ‘ഹോട്ട് ബാത്’.അർദ്ധ രാത്രി 12.30ഓടെ ജിമ്മിലേക്ക് പോയി.ഒരു മണിക്കൂർ തുടർച്ചയായി ട്രെഡ് മില്ലിൽ പരിശീലനം നടത്തി.ശേഷം അരമണിക്കൂർ വിശ്രമം.
അഞ്ച് മിനിറ്റ് വീതം ദൈർഘ്യമുള്ള ‘സോനബാത്തിന്റെ അഞ്ച് സെഷനുകൾ. ഇതിനു ശേഷവും അമന് 900 ഗ്രാം ഭാരം കൂടുതലായിരുന്നു. പ്രത്യേക മസാജിംഗ് കൂടി നൽകിയ ശേഷം ലഘുവായ രീതിയിൽ ജോഗിംഗ് നടത്തി. തുടർന്ന് 15 മിനിറ്റ് ദൈർഘ്യമുള്ള അഞ്ച് റണ്ണിംഗ് സെഷനുകൾ. പുലർച്ചെ 4.30ഓടെ അമന്റെ തൂക്കം 56.9 കിലോഗ്രാമിലേക്കെത്തി. അനുവദനീയമായതിലും 100 ഗ്രാം കുറവ്.ഈപത്ത് മണിക്കൂറിനിടെ അമന് നൽകിയത് ചെറു ചൂടുവെള്ളവും തേനും വളരെ ചെറിയ അളവിൽ കാപ്പിയും മാത്രമാണ്.
വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പ്യൂർട്ടോ റിക്കോയുടെ ഡാരിയാൻ ടോയി ക്രൂസിനെ 13-5ന് മലർത്തിയടിച്ചാണ് 21കാരനായ അമൻ രാജ്യത്തിന്റെ അഭിമാനമായി മാറിയത്.
മത്സരത്തിനിടെ മൂക്കിന് പരിക്ക് പറ്റി ചോരയൊലിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു അമന്റെ പോരാട്ടം.
ഒരേഒരാണ്
ഇത്തവണ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്കായി മത്സരക്കാനിറങ്ങിയ ഒരേഒരു പുരുഷ താരമായിരുന്നു 21കാരനായ അമൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |