ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം പുനഃരാരംഭിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്‌മി പ്രിയയാണ് ഇക്കാര്യം അർജുന്റെ കുടുംബത്തെ അറിയിച്ചത്. നിലവിൽ ഗംഗാവലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളിലാണ്. ഇത് നാലെങ്കിലും ആയാൽ മാത്രമേ തെരച്ചിൽ പുനഃരാരംഭിക്കാൻ കഴിയൂവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം.
കാർവാറിൽ നിന്നുള്ള നാവിക സേനാംഗങ്ങൾ ആയിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. ദൗത്യം പുനഃരാരംഭിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെടാൻ ഇന്ന് എംകെ രാഘവൻ എംപിയുമായി അർജുന്റെ ബന്ധുക്കൾ കൂടിക്കാഴ്ച നടത്തും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എ കെ എം അഷ്‌റഫ് എം എൽ എ ഇന്നലെ പറഞ്ഞിരുന്നു.
അർജുനെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്. അർജുന്റെ വീട്ടിലെത്തി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ മുഖ്യമന്ത്രിയുടെ കത്ത് കെെമാറിയിരുന്നു. ഹെെക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അർജുനെ കണ്ടെത്താനായുള്ള തെരച്ചിൽ കർണാടക സർക്കാർ പുനരാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് ഈ വിഷയത്തിൽ ഇതുവരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അർജുന്റെ കുടുംബത്തെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |