കാളികാവ്: പാരിസ്ഥിതിക പ്രാധാന്യമുള്ള കൂമ്പൻ മലയോട് ചേർന്നുള്ള പാണ്ടൻപാറയിൽ സ്വകാര്യ തോട്ടത്തിൽ നിർമ്മിച്ച കുഴികൾ മൂടി . ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. കൃഷിയിടത്തിൽ ജല സംഭരണിക്കായി നിർമ്മിച്ച കുഴികളാണ് മൂടിക്കളയുന്നത്. സൈലന്റ് വാലി ബഫർ സോണിനോട് ചേർന്നുള്ള മലവാരത്തിൽ 22 മീറ്റർ നീളവും 12 മീറ്റർ വീതിയും 12 മീറ്റർ നീളവും ആറടി താഴ്ചയുമുള്ള രണ്ട് കുഴികളാണ് നിർമ്മിച്ചിരുന്നത്.
കുഴികളിൽ വെള്ളം നിറഞ്ഞാൽ മണ്ണൊലിപ്പിന് ഉൾപ്പെടെ സാദ്ധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി
കണ്ടെത്തിയിരുന്നു. ജിയോളജി ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു ദിവസത്തിനകം കുഴികൾ മൂടാൻ കളക്ടർ ഉത്തരവിട്ടത്. ഉരുൾപൊട്ടൽ സാദ്ധ്യതയിൽ ഓറഞ്ച് അലർട്ടിൽ ഉൾപ്പെട്ട പ്രദേശത്താണ് നിർമ്മാണ പ്രവൃത്തി നടത്തിയിട്ടുള്ളതെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ട്. ഭൗമശാസ്ത്രപരമായി ഇടനാടിനും മലനാടിനും ഇടയിലുള്ള പ്രദേശത്താണ് കുഴികൾ നിർമ്മിച്ചിട്ടുള്ളത്.സമുദ്ര നിരപ്പിൽ നിന്ന് 537 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അശാസ്ത്രീയമായി നടത്തിയ നിർമ്മാണ പ്രവൃത്തി ദുരന്ത സാദ്ധ്യതയായിട്ടുണ്ടെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കുഴിമൂടൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനമായി പരിഗണിച്ച് അഞ്ചു ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തന്നെയാണ് കുഴി മൂടുന്നത്. ചെരിവുള്ള രൂപത്തിൽ കുഴി മൂടി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച്
വെള്ളം ഒലിച്ചിറങ്ങുന്നത് തടയുകയും വേണം. മണ്ണ് ഉറച്ച ശേഷം പ്ലാസ്റ്റിക് ഷീറ്റ് മാറ്റി വേരുകൾ കൂടുതലുള്ള ചെടികൾ നട്ടു പിടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. കരുവാരക്കുണ്ട് പഞ്ചായത്ത് അസി.എൻജിനീയർക്കാണ് ഉത്തരവ് നടപ്പിലാക്കാനുള്ള മേൽനോട്ട ചുമതല നൽകിയിട്ടുള്ളത്. മൂന്നു ദിവസം കൊണ്ട് കുഴിമൂടൽ പൂർത്തിയാകുമെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |