ന്യൂഡൽഹി: 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് നീണ്ട പരിശ്രമം ആവശ്യമാണെന്നും ഭരണ സംവിധാനം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെട്ടവരെ വേദനയോടെ ഓർക്കുന്നുവെന്നും രാജ്യം അവരുടെ കുടുംബത്തിനൊപ്പമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
'ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഇന്ത്യൻ സൈന്യത്തെ ശത്രുക്കൾക്ക് ഭയമാണ്. ഉത്പാദന മേഖലയുടെ ഹബ്ബായി രാജ്യം മാറി. 140 കോടി ജനങ്ങൾക്ക് പലതും നേടാൻ കഴിയും. നിശ്ചയദാർഢ്യം കൊണ്ട് രാജ്യം അത് നേടും. രാജ്യ പുരോഗതിക്കായി ഒന്നിച്ച് നിൽക്കണം.'- അദ്ദേഹം പറഞ്ഞു.
ഭരണനേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. ആവശ്യക്കാരന്റെ വാതിൽക്കൽ സർക്കാരുണ്ട്. എല്ലാ മേഖലയിലും ആത്മനിർഭർ ഭാരത് നടപ്പിലാക്കി. പത്ത് കോടി സ്‌ത്രീകൾ സ്വയം പര്യാപ്‌തരാണ്. അസാദ്ധ്യമെന്ന് കരുതിയതെല്ലാം സാദ്ധ്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ ഭവ്നിഷ് കുമാർ സല്യൂട്ടിംഗ് ബേസിലേക്ക് ആനയിച്ചു. അവിടെ സംയുക്ത സേനയും ഡൽഹി പോലീസ് ഗാർഡും സല്യൂട്ട് നൽകി. തുടർന്ന് പ്രധാനമന്ത്രി മൂന്ന് സേനകളുടെയും ഡൽഹി പൊലീസിന്റെയും ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. നേവി കമാൻഡർ അരുൺ കുമാർ മേത്തയാണ് ഗാർഡ് ഓഫ് ഹോണറിന് നേതൃത്വം നൽകിയത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെങ്ങും കനത്ത സുരക്ഷയാണ്. വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. വികസിത് ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |