കൊച്ചി: കേരളകൗമുദിയുടെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമാണെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. റോഡ് സുരക്ഷയെപ്പറ്റി വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള കേരളകൗമുദിയുടെ ഉദ്യമം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർവാഹന വകുപ്പ്, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ കേരളകൗമുദി സംഘടിപ്പിച്ച റോഡ് സുരക്ഷ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ആറുവരി പാത വേണ്ടിടത്ത് നമ്മൾ നാലുവരി പാതയെപറ്റി ആലോചിച്ചു തുടങ്ങിയിട്ടേയുള്ളൂ. ലൈസൻസ് എടുക്കാത്തവർക്കും കുട്ടികൾക്കും വാഹനം നൽകരുത്. ഇവർക്ക് വാഹനം നൽകുന്ന മാതാപിതാക്കൾക്കെതിരെയാണ് നടപടി വേണ്ടതെന്നും എം.എൽ.എ പറഞ്ഞു.
ആലുവ ജോയിന്റ് ആർ.ടി.ഒ കെ.എസ്. ബിനീഷ് അദ്ധ്യക്ഷനായി. കേരളകൗമുദിയാണ് വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷ ബോധവത്കരണം നടത്തുന്ന ഏക മാദ്ധ്യമമെന്ന് അദ്ദേഹം പറഞ്ഞു.
കേരളകൗമുദി 113-ാംവാർഷികത്തോട് അനുബന്ധിച്ച് സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'അമേസിംഗ് വിമൻ" എന്ന പുസ്തകത്തിൽ ഇടം നേടിയ ആലുവ മേഖലയിലെ വനിതകളായ മുൻ ജോയിന്റ് ആർ.ടി.ഒയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകയുമായ പൊന്നമ്മ കുമാരൻ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് മുൻ പ്രോഗ്രാം ഓഫീസർ ഡോ. നിനു റോസ്, എസ്.പി.ഡബ്ല്യു.എച്ച്.എസ് ചൂർണ്ണിക്കരയിലെ എച്ച്.എമ്മും എഴുത്തുകാരിയുമായ ലീന കർത്ത, കേരളത്തിലെ ആദ്യത്തെ വനിതാ ക്ഷേത്ര ചുമർചിത്രകാരി അനു അമൃത എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കേരളകൗമുദി ആലുവ ലേഖകൻ കെ.സി. സ്മിജൻ സ്വാഗതം പറഞ്ഞു. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് മുഖ്യപ്രഭാഷണം നടത്തി, ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി, എൻ.എസ്.എ.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. മരിയപോൾ, ഡോ. കെ. ലേഖ എന്നിവർ സംസാരിച്ചു.
ആലുവ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ. സന്തോഷ് റോഡ് സുരക്ഷയെക്കുറിച്ച് ക്ലാസെടുത്തു.
മൂന്നര സെക്കൻഡിൽ
ഒരു മരണം വീതം
റോഡ് അപകടങ്ങളിൽ ഓരോ മൂന്നര സെക്കൻഡിലും ഒരാൾ വീതം രാജ്യത്ത് മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 21 വയസു വരെയുള്ളവരാണ് കൂടുതലായും മരിക്കുന്നത്. അപകടങ്ങളിൽപ്പെടുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് കുറവാണ്. അതീവ ശ്രദ്ധയോടെ മാത്രമേ വാഹനം ഓടിക്കാവൂ. നിലവിലുള്ളതിന്റെ 50 ശതമാനം അപകടം കുറയ്ക്കുക എന്നതാണ് ആഗോള ലക്ഷ്യമെന്നും കെ. സന്തോഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |