തിരുവനന്തപുരം:പൂജപ്പുര ജയിലിൽ വീണ്ടും സുരക്ഷാ വീഴ്ച വെളിവാക്കി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതി ജയിൽ ചാടി. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനായ ഇടുക്കി സ്വദേശി മണികണ്ഠനാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയത്. ജയിലിൽ ചപ്പാത്തി യൂണിറ്റിലാണ് മണികണ്ഠനെ ജോലിക്ക് നിയോഗിച്ചിരുന്നത്. രാത്രി ഭക്ഷണമുണ്ടാക്കിയ ശേഷമാണ് ഇവരെ സെല്ലുകളിലേക്ക് തിരികെ കൊണ്ടുപോകുന്നത്. ഭക്ഷണ നിർമാണ കേന്ദ്രത്തിന് പുറത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുക്കാനെന്ന വ്യാജേന രാത്രി പുറത്തിറങ്ങിയ മണികണ്ഠൻ കോംപൗണ്ടിലെത്തി.തുടർന്ന് മതിൽ ചാടി രക്ഷപെടുകയായിരുന്നു. അടുക്കളയിൽ നിന്ന് ഇയാൾ ഒരു കത്തി കൈവശപ്പെടുത്തിയിരുന്നു.അത് ജയിൽ കോംപൗണ്ടിൽ നിന്ന് കണ്ടെടുത്തു.
2014ൽ ഇടുക്കി വണ്ടൻമേട്ടിൽ അന്നലക്ഷ്മിയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലാണ് മണികണ്ഠൻ അറസ്റ്റിലായത്. ഇയാൾക്കൊപ്പം ജീവിക്കാനുള്ള ക്ഷണം നിരസിച്ചതായിരുന്നു കൊലയ്‌ക്ക് 2019ൽ പരോളിലിറങ്ങി മുങ്ങിയ മണികണ്ഠനെ പിന്നീട് പൊലീസ് പിടികൂടി. പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇടുക്കി, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൂജപ്പുരയിൽ നിന്ന് ലഭിക്കാവുന്ന മുഴുവൻ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയാണ്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ സൂപ്രണ്ടിനോട് ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ നിർദ്ദേശിച്ചു. സംഭവ സമയത്ത് ഡ്യൂട്ടിയ്ക്കുണ്ടായിരുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നാണ് സൂചന.ജീവപര്യന്തം തടവുകാരനായ തൂത്തുകുടി സ്വദേശി ജാഹിർ ഹുസൈൻ 2021ൽ ഇവിടെ നിന്ന് തടവുചാടിയിരുന്നു. ജയിൽ വളപ്പിലെ അലക്കു കേന്ദ്രത്തിൽ നിന്നാണ് പ്രതി കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |