മട്ടാഞ്ചേരി: കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും റോബിൻഹുഡ് മോഡൽ സി.ഡി.എം തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ കേസിൽ ഹരിയാന സ്വദേശിയെ തോപ്പുംപടി പൊലീസ് അറസ്റ്റുചെയ്തു. ഹരിയാന മേവാത്ത് സ്വദേശി ആലമാണ് (31) അറസ്റ്റിലായത്.
ഏപ്രിൽ 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെത്തി ഏഴ് ബാങ്കുകളുടെ സി.ഡി.എമ്മിൽനിന്നാണ് ആലമും കൂട്ടുപ്രതിയും തട്ടിപ്പ് നടത്തിയത്. സി.ഡി.എമ്മിൽ പണം പിൻവലിക്കുന്നസമയം സാങ്കേതിക തകരാറുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇത്തരത്തിലുള്ള തട്ടിപ്പുകളെ സംബന്ധിച്ച് സന്ദേശം വന്നതിനെത്തുടർന്ന് ബാങ്ക് അധികൃതർ തോപ്പുംപടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതി ആലമാണെന്ന് കണ്ടെത്തുകയായിരുന്നു. മട്ടാഞ്ചേരി അസി.കമ്മിഷണർ കെ.ആർ. മനോജിന്റെ നിർദ്ദേശപ്രകാരം തോപ്പുംപടി എസ്.ഐ. ജിൻസൻ ഡൊമിനിക്, സീനിയർ സി.പി.ഒ സുധീഷ്, സി.പി.ഒ ബിബിൻമോൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടർന്ന് ഇവർ ഹരിയാനയിലെ മേവാത്ത് അക്കേട എന്ന ഗ്രാമത്തിൽ എത്തി പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കൂട്ടുപ്രതിക്കായി അന്വേഷണം തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |