കൊച്ചി: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടതിന് 65കാരനായ സെക്യൂരിറ്റി ജീവനക്കാരനെ മുന്നറിയിപ്പില്ലാതെ സ്ഥാപനം പിരിച്ചുവിട്ടു. കിട്ടാനുള്ള ഗ്രാറ്റുവിറ്റിക്കും ശമ്പളത്തിനുമായി സ്ഥാപനത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഹൃദ്രോഗിയായ സെക്യൂരിറ്റി ജീവനക്കാരനെ മാനേജറുടെ നേതൃത്വത്തിൽ അതിക്രൂരമായി മർദ്ദിച്ച് ഇറക്കിവിട്ടു. എറണാകുളം കുരീക്കാടിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരുവാങ്കുളം മാമലയിൽ താമസിക്കുന്ന ഉദയംപേരൂർ സ്വദേശിയായ 65കാരനാണ് മർദ്ദനമേറ്റത്. ദേഹമാസകലം മർദ്ദനമേറ്റ് ശാരീരികമായും മാനസികമായും തളർന്ന ഇദ്ദേഹം ഇ.എസ്.എ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഹൃദ്രോഗിയായതിനാൽ ഭാരമേറിയ ജോലികൾ ഒന്നും ചെയ്യരുതെന്നാണ് 65കാരനോട് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. നേരിട്ട ദുരിതം വിവരിച്ച് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കേസെടുത്തിട്ടില്ല.
എറണാകുളത്തെ ഒരു സ്വകാര്യ സെക്യൂരിറ്റി ഏജൻസി മുഖേനെ നാല് വർഷം മുമ്പാണ് 65കാരൻ ഐ.ടി മേഖലയുമായി ബന്ധപ്പെട്ട് കുരീക്കാട് പ്രവർത്തിക്കുന്ന കമ്പനിയിൽ ജോലിക്ക് കയറിയത്. 12,248രൂപയായിരുന്നു ശമ്പളം. ഓരോ വർഷവും ശമ്പളവർദ്ധനവ് ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഒരു രൂപപോലും കൂട്ടി നൽകിയില്ല. കഴിഞ്ഞമാസം ശമ്പളവർദ്ധനവിന്റെ കാര്യം മാനേജറുടെ ശ്രദ്ധയിൽപ്പെടുത്തി. കൂട്ടാമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല. ഇതോടെ ജോലി വിടുകയാണെന്നും കിട്ടാനുള്ള ഗ്രാറ്റുവിറ്റയും ശമ്പളവും നൽകണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനെ തരപ്പെടുത്തിയിട്ട് മാത്രമേ ജോലി വിടാൻ കഴിയൂവെന്ന് സ്ഥാപനം നിലപാടെടുത്തു. പരിഞ്ഞുപോകുമ്പോൾ ഗ്രാറ്റുവിറ്റിയായി 40,000 രൂപയും ശമ്പളവും നൽകാമെന്നും ഏറ്റു.
മാന്യമായ ശമ്പളമില്ലാത്തതിനാൽ 39 സെക്യൂരിറ്റി ജീവനക്കാർ വിട്ടുപോയ സ്ഥാപനത്തിലേക്ക് മറ്റൊരാളും വരാൻ തയ്യാറാകാത്തതോടെ 65കാരൻ പ്രതിസന്ധിയിലായി. ഒപ്പമുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും ജോലിവിട്ടതോടെ 31 ദിവസം തുടർച്ചയായി ഡ്യൂട്ടി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് പിരിച്ചുവിട്ടതായും ഉടൻ സ്ഥലംകാലിയാക്കണമെന്നും സ്ഥാപനം അറിയിച്ചത്. ഗ്രാറ്റുവിറ്റിയും ശമ്പളവുമടക്കം നൽകാനുള്ള ഒരുലക്ഷത്തോളം രൂപ ആവശ്യപ്പെട്ടതോടെയാണ് ജീവനക്കാർ ആക്രമിച്ചതെന്നാണ് പരാതി.
'' നാലുവർഷമായി ഇവിടെ ജോലി ചെയ്യുന്നു. ഏജൻസി പിരിച്ചുവിട്ടെന്നാണ് പറയുന്നത്. ഈ മാസം ഒന്നിനാണ് ഒരു വർഷത്തേയ്ക്ക് കരാർ പുതുക്കിയത്. മുന്നറിയിപ്പ് നോട്ടീസ് പോലും നൽകിയില്ല. ക്രൂരമായി മർദ്ദിക്കാൻ മാനേജർ പറയുന്നത് കേട്ട് മനസ് തകർന്നുപോയി. ഇടിച്ച് കൊല്ലാറാക്കി. മറ്റാരുടെയും മുന്നിൽ കൈനീട്ടാതെ തലയുയർത്തി ജീവിക്കാനാണ് ഈ പ്രായത്തിലും ജോലിചെയ്യാൻ ഇറങ്ങിത്തിരിച്ചത്.''
സെക്യൂരിറ്റി ജീവനക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |