ഉള്ളിൽ എന്നും ടീനേജുകാരിയെ സൂക്ഷിക്കുന്ന മീര ജാസ് മിൻ. വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മീര മുൻപത്തേക്കാൾ സുന്ദരിയും ചെറുപ്പവുമായെന്ന് പ്രേക്ഷകർ. ഈ വരവും മീര ആഘോഷമാക്കുമ്പോൾ പ്ളസ് ടു കുട്ടിയുടെ അമ്മയായി മകൾ, റൊമാന്റിക്കായി ക്വീൻ എലിസബത്ത് എന്നീ സിനിമകൾ. മനസ് നിറഞ്ഞ് സന്തോഷിച്ച് മീര അഭിനയിച്ച കഥാപാത്രങ്ങളിലേക്ക് ഇവരും ഇടം പിടിച്ചു. വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന സിനിമ തിയേറ്രറിൽ എത്തിയ പശ്ചാത്തലത്തിൽ മീര ജാസ്മിൻ സംസാരിക്കുന്നു.
പാലും പഴവും എന്ന സിനിമയുമായി ചിരിപ്പിക്കാനാണോ വരുന്നത് ?
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് സുമി. തീവ്രമായ ഒരു ആഗ്രഹം സുമി മനസിൽ സൂക്ഷിക്കുന്നുണ്ട്. അതിൽമാത്രം ശ്രദ്ധിക്കുകയും ആ ആഗ്രഹം നിറവേറ്റുകയും ചെയ്യുന്നു. പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രമായിരിക്കും സുമി. എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രം.
മികച്ച അഭിനേത്രി എന്ന നിലയിൽ മാറാൻ എന്തെല്ലാമാണ് ചെയ്യേണ്ടത് ?
ആദ്യം ദൈവാനുഗ്രഹം വേണം. അതിലാണ് ഞാൻ ആദ്യം വിശ്വസിക്കുന്നത്. പിന്നെ നല്ല നിരീക്ഷണ പാടവം ഉണ്ടാവണം. ചുറ്റുപാടുകൾ, ജീവിത യാത്രയിൽ കണ്ടുമുട്ടുന്നവർ. ചിലപ്പോൾ ഇവരുടെ ശരീരഭാഷ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞെന്നുവരും. കഥാപാത്രമായി കൃത്യമായ സമയത്ത്, കൃത്യമായ ഇടത്ത് അത് വീഴുമ്പോൾ അഭിനയ തലത്തിലേക്ക് അറിയാതെ നമ്മൾ എത്തും. എല്ലാം സംഭവിക്കുന്നതാണ്. നമ്മൾ പോലും അറിയാതെ. അഭിനയം മികച്ചതാണെന്ന ചിന്ത പ്രേക്ഷകരിലേക്ക് ഇതിലൂടെ ജനിപ്പിക്കാൻ കഴിയുന്നു. സിനിമയിൽ താരത്തെയല്ല, കഥാപാത്രത്തെ പ്രേക്ഷകർ കാണാൻ കഴിയുംവിധം അവതരിപ്പിക്കാൻ ശ്രമം നടത്തുകയും വേണം.
രണ്ടാം വരവിൽ സിനിമയിൽ കാണുന്ന പ്രത്യേകത ?
കഥ പറയുന്ന രീതി മാറി. കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതിയിലും വലിയ മാറ്റം സംഭവിച്ചു.മേക്കിംഗ് ഉൾപ്പെടെ എല്ലാ മേഖലയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. റിയൽ ലൈഫിലേക്ക് സിനിമ മാറി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത .
ഡ ബ്ബിംഗ് ഇല്ലാതെ അഭിനയിച്ച സിനിമയാണ് മകൾ. മുൻപ് അങ്ങനെയായിരുന്നില്ല.ഇതെല്ലാം ഈ വരവിൽ സിനിമയിൽ ഞാൻ കാണുന്ന പ്രത്യേകതയാണ്. എന്നാൽ സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മുൻപത്തെ പോലെ തന്നെയാണ് ഞാൻ ഇപ്പോഴും.എന്റെ കഥാപാത്രത്തെ മാത്രമല്ല, സിനിമയുടെ കഥയും തിരക്കഥയും ശ്രദ്ധിക്കാറുണ്ട്. കഥയിൽ പ്രധാന കഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നതെന്നും നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.
സിനിമയിൽ തന്നെ മീരയെ ഇനിയും കാണാമോ ?
സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. സിനിമയെ അത്രമാത്രം സ്നേഹിക്കുന്നു. നല്ല സിനിമകൾ ചെയ്യാൻ ഞാൻ എപ്പോഴും ഇവിടെ തന്നെയുണ്ടാകും. അതാണ് എന്റെ ആഗ്രഹം.
അവതരിപ്പിച്ച കഥാപാത്രങ്ങളെ നേരിൽ കാണുകയോ സാദൃശ്യം അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടോ ?
അവതരിപ്പിച്ച ഒട്ടുമിക്ക മികച്ച കഥാപാത്രങ്ങളും ഞാനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാവും. അച്ചുവിന്റെ അമ്മയിലെ അച്ചുവും കസ്തൂരിമാനിലെ പ്രിയംവദയും വിനോദയാത്രയിലെ അനുപമയും തമ്മിൽ കൂടുതൽ ബന്ധമുണ്ട്. ഇവരിലൊക്കെ എവിടെയോ ഞാനുണ്ട്.ആ ബന്ധം തിരിച്ചറിഞ്ഞാൽ അഭിനയിക്കാൻ നല്ല രസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |