ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസ്സനെതിരെ കൊലക്കേസ്. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസ്സീനയുടെ രാജിയിലും പലായനത്തിലും കലാശിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുല്‍ ഇസ്ലാമിന്റെ മകന്‍ റുബല്‍ വെടിയേറ്റുമരിച്ച സംഭവത്തിലാണ് ഷാക്കിബിനെ പ്രതിചേര്‍ത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ മുന്‍ എം.പിയാണ് ഷാക്കിബ്.
കേസിലെ 28ാം പ്രതിയാണ് ഷാക്കിബ്. ഷാക്കിബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ആഹ്വാന പ്രകാരമാണ് ആഗസ്റ്റ് അഞ്ചിന് അബദോറിലെ റിംഗ് റോഡിലെ സംഘര്‍ഷത്തില്‍ റുബലിന് വെടിയേറ്റതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ഖാദര്‍ ഉള്‍പ്പടെ 154 പേര്‍ കേസില്‍ പ്രതികളാണ്. കണ്ടാല്‍ തിരിച്ചറിയുന്ന 500 പേര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഷെയ്ഖ് ഹസീനയും നടന്‍ ഫെര്‍ദസ് അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്. ധാക്ക ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം നെഞ്ചിനും വയറിനും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് റുബല്‍ കൊല്ലപ്പെടുന്നത്. ധാക്കയിലെ ഒരു റാലിക്കിടെയാണ് സംഭവം. ഈ കേസിലാണ് ബംഗ്ലാദേശ് താരമുള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ പ്രക്ഷോഭം നടക്കുന്ന സമയത്ത് ഷാക്കിബ് രാജ്യത്തുണ്ടായിരുന്നില്ല. ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ കളിക്കാനായി താരം കാനഡയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |