കണ്ണൂർ: എളുപ്പത്തിൽ ലോൺ വാഗ്ദാനം ചെയ്യുന്ന ഫിൻടെക് ആപ്പുകളുടെ വലയിൽ കുടുങ്ങുന്നവർ നേരിടേണ്ടി വരുന്നത് വലിയ മാനസീക പീഡനം. മിനുട്ടുകൾക്കുള്ളിൽ വായ്പ നൽകുന്ന ഇത്തരം ആപ്പുകളുടെ കെണിയിൽപ്പെട്ട് ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുന്നു. യുവാക്കളും വീട്ടമ്മമാരുമാണ് കൂടുതൽ ഇരയാകുന്നതെന്ന് കണ്ണൂർ സിറ്റി പോലീസിനു കീഴിലെ സൈബർ വിംഗ് പറയുന്നു.
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ലോൺ ആപ്പുകളെ ആശ്രയിച്ചുതുടങ്ങയതിന് പിന്നിൽ. നിയമപരമാണോ എന്നുപോലും പരിശോധിക്കാതെയാണ് പലരും ആധാർ അടക്കം നൽകി ലോൺ എടുക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ ബാങ്കിംഗ് ഫിനാൻഷ്യ കമ്പനി (എൻ.ബി.എഫ്.സി) ലൈസൻസ് നേടാത്ത ആപ്പുകളാണ് ഇവയിൽ മിക്കതും. ഏഴ് ദിവസം മുതൽ ആറ് മാസം വരെ തിരിച്ചടവ് കാലാവധിയിലാണ് ഇവയുടെ ലോണുകൾ . ഇതിൽ കൂടുതൽ കാലാവധിയുള്ള ആപ്പുകളുണ്ട്. ഇരുപതു മുതൽ 40 ശതമാനം വരെ കൊള്ളപ്പലിശയാണ് ഇവ ഈടാക്കുന്നത്. ഇതിനു പുറമെ ലോൺ പ്രൊസസിംഗ് ഫീ എന്ന പേരിൽ 10 മുതൽ 25 ശതമാനം വരെ ചാർജും ഈടാക്കും. ലോണായി കിട്ടുന്ന പണത്തിന്റെ രണ്ടിരട്ടിയിലേറെയാണ് ഇവ തിരിച്ചുപിടിക്കുന്നത്.
എടുക്കാൻ എളുപ്പം;പണി പിറകെ വരും
സ്വർണമടക്കമുള്ള മറ്റ് ഈടുകളൊന്നും വേണ്ടാതെ ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും ഡിജിറ്റൽ കോപ്പി മാത്രം നൽകിയാൽ പണം അക്കൗണ്ടിലേക്ക് മണിക്കൂറുകൾക്കുള്ളിൽ വരുമെന്നതാണ് ആളുകൾ എളുപ്പത്തിൽ ആപ്പുകളിലേക്ക് തിരിയുന്നതിന് പിന്നിൽ .ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങൾ മുഴുവനും ആപ്പുകൾ ചോർത്തും. ഗാലറിയിലുള്ള ചിത്രങ്ങളും മൊബൈൽ നമ്പരുകളും വാട്സാപ്പ് വിവരങ്ങളും ഇതിൽപെടും.ആപ്പുകൾക്ക് ഇതിനുള്ള അനുമതി നൽകുന്നുവെന്നതാണ് ഇതിന് കാരണം. ഒരു മാസം അടവ് തെറ്റിയാൽ ഭീഷണി കലർന്ന വിളി എത്തും.തൊട്ടുപിന്നാലെ ഫോണിൽ നിന്ന് ചോർത്തിയ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പരിലേക്കാകും വിളി. നാണക്കേട് ഭയന്ന് ഏതുവിധേനയും പണം തിരിച്ചടക്കും. തിരിച്ചടവിന് മറ്റൊരു ആപ്പിനെ ആശ്രയിക്കുന്നവരുമുണ്ട്.
അപമാനിക്കും,തളർത്തും
ഇതിനൊപ്പം മൊബൈലിൽ നിന്നെടുത്ത ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കും. ഫേസ്ബുക്കിലടക്കം പങ്കുവെക്കും.അപമാനിക്കപ്പെടുകയും മാനസികമായി തളരുകയും ചെയ്തവരാണ് ഒടുവിൽ ജീവനൊടുക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്
ആപ്പ് ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോണിലുള്ള വിവരങ്ങൾ മുഴുവനും ഉപയോഗിക്കാൻ അനുമതി കൊടുക്കരുത്.
ലോൺ തരുന്നത് ഏത് ബാങ്കാണെന്ന് വ്യക്തമാകാതെ വായ്പ സ്വീകരിക്കരുത്.
പലിശ നിരക്കും പ്രൊസസിംഗ് ഫീസും എത്രവരുമെന്ന് മുൻകൂട്ടി അറിയണം.
ആപ്പുകൾ നിശ്ചയിക്കുന്ന പലിശ നിരക്ക് വാർഷികാടിസ്ഥാനത്തിൽ കൂട്ടണം
തട്ടിപ്പിന് ഇരയായാൽ സൈബർ പൊലീസിനെ അറിയിക്കാം.
സൈബർ പൊലീസ് 1930
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |