പീരുമേട്: കുടുംബത്തിൽ അനർത്ഥങ്ങൾ ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. തേനി പെരിയകുളം സ്വദേശിയായ ഭൂപതിയെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കാനം ഒന്നാം ഡിവിഷൻ എസ്റ്റേറ്റിൽ താമസിക്കുന്ന ഒരു കുടുംബത്തിൽനിന്നാണ് ഇയാൾ പണം തട്ടിയത്. ഞായറാഴ്ച തോട്ടം മേഖലയായ കോഴിക്കാനത്ത് വീടുകൾ തോറും കയറി ഭാവി പ്രവചനം നടത്താമെന്ന്ഇ പറഞ്ഞെങ്കിലും ആരും കെണിയിൽ വീണില്ല. എന്നാൽ ഹെലിബറിയായിലെ ഒരു വീട്ടിൽഎത്തി ഭക്ഷണം ചോദിച്ചു വാങ്ങി കഴിച്ചശേഷം ഈ വീട്ടിൽ ഭാവിയിൽ അനർത്ഥങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞു. ഭയപ്പെട്ട വീട്ടുകാരോട് പ്രതിവിധിയുണ്ടെന്നും പറയണമെങ്കിൽ നാലായിരം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പണമില്ലങ്കിൽ സ്വർണ്ണം കിട്ടിയാലും മതിയെന്നായി. തങ്ങളുടെ കൈയിൽ പണം ഇല്ലന്ന് പറഞ്ഞപ്പോൾ ഇവരുടെ കയ്യിലുള്ള അരപ്പവൻ സ്വർണം വാങ്ങി ഇയാൾ കടന്നു കളയുകയായിരുന്നു. വീട്ടുകാർ അയൽക്കാരെ വിവരം അറിയിച്ചു. തുടർന്ന് വഴിയിൽ ഇയാളെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും പീരുമേട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പീരുമേട് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |